Connect with us

Editorial

എസ് ഐ ആറും പ്രവാസികളും

കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ് പ്രവാസികള്‍. ഇവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള അവസരം നിഷേധിക്കപ്പെട്ടു കൂടാ. പ്രവാസികളുടെ രാഷ്ട്രീയ അവകാശങ്ങളെ പരിമിതപ്പെടുത്തുകയും നിഷേധിക്കുകയും ചെയ്യുന്ന പ്രക്രിയയാകരുത് എസ് ഐ ആര്‍.

Published

|

Last Updated

കേരളത്തില്‍ എസ് ഐ ആറിന് (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, അത് കഴിയുന്നതു വരെ നീട്ടിവെക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒറ്റക്കെട്ടായുള്ള അഭ്യര്‍ഥന നിരസിച്ചാണ് തിര. കമ്മീഷന്‍ കേരളത്തില്‍ എസ് ഐ ആര്‍ ജോലികള്‍ തുടങ്ങാന്‍ ഉത്തരവിട്ടത്. “ജനപ്രാതിനിധ്യ നിയമം-1951′ പ്രകാരം വോട്ടര്‍ പട്ടിക തയ്യാറാക്കാനും പരിഷ്‌കരണം വരുത്താനും തിര. കമ്മീഷന് അവകാശമുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ഉള്‍ക്കൊണ്ട് അത് പരിഹരിക്കലും ഓരോ സംസ്ഥാനങ്ങളുടെയും പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തി കാര്യങ്ങള്‍ നിര്‍വഹിക്കലും ജനാധിപത്യപരമായ മര്യാദയാണ്.
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച് എസ് ഐ ആര്‍ നീട്ടിവെക്കണമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കറും ആവശ്യപ്പെട്ടതാണ്. ഇവിടെ എസ് ഐ ആറിന് സഹായകമായ സാഹചര്യമല്ല നിലവിലുള്ളതെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണല്ലോ അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. അത് മാനിക്കാനുള്ള മര്യാദയും പ്രകടിപ്പിച്ചില്ല ഗ്യാനേഷ് കുമാര്‍.

വടക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍, അയല്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ധാരാളമായി കുടിയേറുകയും വോട്ടര്‍ പട്ടികകളില്‍ ഇടം പിടിക്കുകയും ചെയ്ത സാഹചര്യത്തില്‍ അവരെ ഒഴിവാക്കുകയാണ് എസ് ഐ ആറിന്റെ ലക്ഷ്യമായി തുടക്കത്തില്‍ പറയപ്പെട്ടിരുന്നത്. രാജ്യത്തിന്റെ ഏറ്റവും തെക്ക് സ്ഥിതി ചെയ്യുന്ന കേരളത്തില്‍ അത്തരമൊരു കുടിയേറ്റ സാഹചര്യമോ സാധ്യതയോ ഇല്ല. പിന്നെയെന്തിന് കേരളത്തില്‍ എസ് ഐ ആര്‍ നടപ്പാക്കണം? മുമ്പ് നടന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനു ശേഷം രാജ്യത്തെ പല പ്രദേശങ്ങളും നഗരവത്കരിക്കപ്പെടുകയും അവിടങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റം ധാരാളമായി നടക്കുകയുമുണ്ടായി. ഇവര്‍ കുടിയേറിയ പ്രദേശത്തെ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടാകില്ല. അവരെ കൂടി ലക്ഷ്യമാക്കിയാണ് എസ് ഐ ആര്‍ എന്നായിരുന്നു മറ്റൊരു ന്യായീകരണം. എന്നാല്‍ ബിഹാറില്‍ നടന്ന എസ് ഐ ആറില്‍ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനു പകരം പട്ടികയിലുള്ളവരെ, അതും ചില പ്രത്യേക വിഭാഗക്കാരെ പുറത്താക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. നേരത്തെ 7.89 കോടി പേരുണ്ടായിരുന്ന വോട്ടര്‍മാരുടെ എണ്ണം എസ് ഐ ആറിനു ശേഷം 7.42 കോടിയായി കുത്തനെ ഇടിയുകയായിരുന്നു. ബിഹാറില്‍ മുസ്‌ലിം ഭൂരിപക്ഷ വാര്‍ഡുകളില്‍ നിന്നാണ് വോട്ടര്‍മാരെ കൂടുതലായി ഒഴിവാക്കിയതെന്നാണ് മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്. സാര്‍വത്രിക വോട്ടവകാശം ഉറപ്പ് നല്‍കുന്ന ഭരണഘടനാ അനുഛേദം 326ന് കടകവിരുദ്ധമാണിത്.

ഇവിടെയാണ് എസ് ഐ ആര്‍ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലുപരി പൗരത്വ നിര്‍ണയത്തിലേക്കുള്ള വളഞ്ഞ വഴിയാണോയെന്ന് സംശയിക്കപ്പെടുന്നത്. ഇന്ത്യന്‍ പൗരനാണെന്ന് സ്വയം തെളിയിക്കുന്നവര്‍ക്ക് മാത്രം വോട്ടവകാശം നല്‍കുന്ന എസ് ഐ ആര്‍, വോട്ടവകാശത്തില്‍ രാജ്യം ഇന്നുവരെ പുലര്‍ത്തി വന്ന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു വ്യക്തിയുടെ പൗരത്വം വ്യാജമാണെങ്കില്‍ അത് തെളിയിക്കേണ്ടത് അധികാരികളുടെ ചുമതലയാണ്; പൗരന്മാരല്ല. എന്നാല്‍ എസ് ഐ ആറിലെ ചട്ടങ്ങള്‍ പ്രകാരം ഇത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് തിര. കമ്മീഷന്‍. ഇതുവഴി സാര്‍വത്രിക വോട്ടവകാശമെന്ന ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനശില ഇല്ലാതാക്കി, വോട്ടവകാശം കേന്ദ്രത്തിലെ ഫാസിസ ഭരണകൂടം താത്പര്യപ്പെടുന്ന ചില വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ് തിര. കമ്മീഷനെന്ന് സന്ദേഹിക്കപ്പെടുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിര. കമ്മീഷന്‍ ഭരണകൂടത്തിന്റെ ചട്ടുകമായി മാറുന്നു. മോദി സര്‍ക്കാര്‍ തിര. കമ്മീഷനെ ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍ നിന്നൊഴിവാക്കി, എക്‌സിക്യൂട്ടീവിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കിയത് ഇതിനായിരുന്നല്ലോ.
മറ്റാരേക്കാളും ആശങ്കാകുലരാണ് വോട്ടര്‍ പരിഷ്‌കരണത്തില്‍ പ്രവാസികള്‍. 2023ലെ കണക്കനുസരിച്ച് കേരളീയരായ പ്രവാസികളുടെ എണ്ണം 22.5 ലക്ഷം വരും. ഇവരില്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയവര്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 90,051 മാത്രമാണ്. ബാക്കി വരുന്ന 21 ലക്ഷത്തിലധികം പേര്‍ പട്ടികക്ക് പുറത്താണ്. നേരത്തേ പട്ടികയില്‍ ഇടം നേടിയ പ്രവാസികള്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ പുതിയ പട്ടികയില്‍ ഇടം നേടാനായേക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍ അവരുടെ വീട്ടില്‍ പരിശോധിച്ച് അവിടുത്തെ താമസക്കാരനാണെന്ന് ഉറപ്പ് വരുത്തുന്നതോടെ അയാളുടെ വോട്ടവകാശം ഉറപ്പാകും.
മറ്റുള്ളവരുടെ കാര്യം അല്‍പ്പം പ്രയാസമാണ്. അവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ട് തുടങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളില്‍ ഏതെങ്കിലും ഹാജരാക്കി പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥരുടെ മുമ്പില്‍ കേരളീയനാണെന്ന് തെളിയിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് എസ് ഐ ആര്‍ പൂര്‍ത്തിയാക്കുന്നതിന് മുഖ്യ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച കാലാവധി മൂന്ന് മാസമാണെന്നിരിക്കെ, ഈ സമയത്തിനിടക്ക് രേഖകള്‍ നല്‍കി വോട്ടവകാശം ഉറപ്പാക്കാന്‍ മിക്ക പ്രവാസികള്‍ക്കും സാധ്യമാകണമെന്നില്ല. ബൂത്ത് ഓഫീസര്‍ പരിശോധനക്ക് വരുമ്പോള്‍ വീട്ടുകാരനും ചിലപ്പോള്‍ കുടുംബവും വിദേശത്തായിരിക്കും. ഇത് വോട്ടവകാശം നിഷേധിക്കപ്പെടാന്‍ ഇടയാക്കും. ബിഹാറില്‍ ജോലിയാവശ്യാര്‍ഥം ഇതര സംസ്ഥാനങ്ങളിലേക്ക് പോയ നിരവധി പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ് പ്രവാസികള്‍. ഇവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള അവസരം നിഷേധിക്കപ്പെട്ടു കൂടാ. പ്രവാസികളുടെ രാഷ്ട്രീയ അവകാശങ്ങളെ പരിമിതപ്പെടുത്തുകയും നിഷേധിക്കുകയും ചെയ്യുന്ന പ്രക്രിയയാകരുത് എസ് ഐ ആര്‍. പ്രവാസികളുടെ വോട്ടവകാശം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, അതിലുപരി ജനാധിപത്യം വിഭാവനം ചെയ്യുന്ന സമത്വവും സാര്‍വത്രിക വോട്ടവകാശവും ഉറപ്പ് വരുത്തുന്നതില്‍ അനിവാര്യ ഘടകം കൂടിയാണ്.

Latest