Kerala
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍
പോറ്റിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പോറ്റിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. നവംബര്‍ മൂന്നിന് പ്രൊഡക്ഷന്‍ വാറന്‍ഡ് ഹാജരാക്കും. എസ്എടി പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കി.
കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയില്‍ ഹാജരാക്കിയത്. പരാതികള്‍ ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. അസുഖ ബാധിതനാണെന്നും ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നെന്നും ജയിലില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളതായും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
അതേ സമയം, കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി എസ്ഐടി കോടതിയെ അറിയിച്ചു.ശബരിമല കട്ടിളപ്പാളി സ്വര്‍ണ മോഷണ കേസില്‍ പോറ്റിയെ നാളെ വീണ്ടും വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കും.





