Kerala
ശബരിമല തീര്‍ത്ഥാടനം: വിറക് നല്‍കിയതിന് പോലിസ് മെസ്സില്‍ നിന്നും ലഭിക്കേണ്ട പണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കിട്ടിയില്ല; എഴുതി തള്ളി വനം വകുപ്പ്
1996-97 കാലയളവില്‍ പോലിസ് മെസ്സിലേക്ക് നല്‍കിയ വിറകിന്റെ വിലയായ 218372 രൂപയും 1997-98 കാലയളവില്‍ നല്‍കിയ വിറകിന്റെ വിലയായ 74364 രൂപയും ചേര്‍ത്ത് 292736 രൂപയാണ് എഴുതി തള്ളിയത്
പത്തനംതിട്ട | ശബരിമല തീര്‍ത്ഥാടന കാലയളവില്‍ പോലിസ് മെസ്സിലേക്ക് 188 മെട്രിക് ടണ്‍ വിറക് നല്‍കിയതുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട തുക വനം വന്യജീവി വകുപ്പ് എഴുതി തള്ളി. പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ പരിധിയില്‍ വരുന്ന തേക്കടി വള്ളക്കടവ് റേഞ്ചില്‍ നിന്നും 1996-97, 1997-98 സാമ്പത്തിക വര്‍ഷങ്ങളില്‍ ശബരിമല സന്നിധാനത്തിലെ പോലിസ് മെസ്സിലേക്ക് വിറക് നല്‍കിയതുമായി ബന്ധപ്പെട്ട തുകയാണ് ഏറെ നാള്‍ കാത്തിരുന്നിട്ടും കിട്ടാതെ വന്നതോടെ എഴുതി തള്ളിയത്.
1996-97 കാലയളവില്‍ പോലിസ് മെസ്സിലേക്ക് നല്‍കിയ വിറകിന്റെ വിലയായ 218372 രൂപയും 1997-98 കാലയളവില്‍ നല്‍കിയ വിറകിന്റെ വിലയായ 74364 രൂപയും ചേര്‍ത്ത് 292736 രൂപയാണ് എഴുതി തള്ളിയത്. കിട്ടാനുള്ള തുക ലഭിക്കാനായി തുടര്‍ച്ചയായി കത്തിടപാടുകള്‍ നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ 2016 സെപ്തംബര്‍ 22ന് സര്‍ക്കാരിനെ കത്ത് നല്‍കിയിരുന്നു. തുക എഴുതി തള്ളാന്‍ അനുവദിക്കണമെന്നും തുടര്‍ന്ന് നല്‍കിയ കത്തില്‍ സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ മെച്ചപ്പെട്ട നടത്തിപ്പിനായി, സര്‍ക്കാര്‍ താല്‍പ്പര്യം മുന്‍ നിര്‍ത്തി വിറക് നല്‍കിയ വകയില്‍ പോലിസ് വകുപ്പില്‍ നിന്നും വനം വകുപ്പിന് ലഭിക്കേണ്ടിയിരുന്ന തുക നികുതിയടക്കം 292736 രൂപ ഗവര്‍ണ്ണറുടെ ഉത്തരവിന്‍ പ്രകാരം കഴിഞ്ഞ സെപ്തംബര്‍ 11ന് വനം വന്യ ജീവി വകുപ്പ് എഴുതി തള്ളി.




