Kerala
ചീനിക്കുഴി കൂട്ടക്കൊല; പ്രതി ഹമീദിന് വധശിക്ഷ
വിധി മകനേയും കുടുംബത്തെയും കൊന്നകേസില്‍
തൊടുപുഴ | മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീ കൊളുത്തി കൊലപ്പെടുത്തിയ ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. ഉടുമ്പന്നൂർ ചീനിക്കുഴി ആലിയേക്കുന്നേൽ ഹമീദ് (82)-നെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ആഷ് കെ ബാൽ ശിക്ഷിച്ചത്. അഞ്ചു ലക്ഷം രൂപ പിഴയുമുണ്ട്.
ഹമീദിന്റെ മകൻ ചീനിക്കുഴി ആലിയകുന്നേൽ മുഹമ്മദ് ഫൈസൽ (45-ഷിബു), ഭാര്യ ഷീബ (40), മക്കൾ മെഹ്റിൻ (16), അസ്ന (13) എന്നിവരാണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് 19-ന് പുലർച്ചെ 12.30-ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ പ്രതി ജീവനോടെ കത്തിച്ചെന്നാണ് കേസ്. പ്രായം പരിഗണിച്ച് പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല.
മകനും കുടുംബവും കിടന്ന മുറിയിലേക്ക് ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് തീകൊളുത്തുകയായിരുന്നു. അർധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം പ്രതി വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കി വിട്ടു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. തുടർന്ന് കിടപ്പുമുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷം പുറത്തെത്തി രണ്ട് പെട്രോൾ കുപ്പികൾ തീകൊളുത്തി ജനൽ വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേർന്ന ശുചിമുറിയിൽ കയറി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല. പ്രതികാരദാഹിയായി നിന്ന ഹമീദിനെ ഓടിയെത്തിയ അയൽവാസി രാഹുൽ തള്ളി വീഴ്ത്തിയെങ്കിലും അയാൾ പുറത്തിറങ്ങി വീണ്ടും ജനലിലൂടെ പെട്രോൾ കുപ്പികൾ എറിഞ്ഞു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയൽവാസികൾക്ക് അകത്തേക്ക് കടക്കാനായില്ല.
സംഭവദിവസം തന്നെ ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എം സുനിൽ മഹേശ്വരൻ പിള്ളയാണ് ഹാജരായത്.





