Connect with us

Kerala

പരിശോധനാ വിവരങ്ങള്‍ ഇനി മൊബൈലില്‍; 'നിര്‍ണയ' ലാബ് നെറ്റ്‌വര്‍ക്ക് സംവിധാനം സംസ്ഥാനത്ത് യാഥാര്‍ഥ്യമായി

1,300 സര്‍ക്കാര്‍ ലാബുകള്‍, 131 തരം പരിശോധനകള്‍.

Published

|

Last Updated

പത്തനംതിട്ട | ‘നിര്‍ണയ’ ലാബ് നെറ്റ്‌വര്‍ക്ക് സംവിധാനം കേരളത്തില്‍ യാഥാര്‍ഥ്യമായി. ഇതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആരോഗ്യവകുപ്പിന് കീഴിലുള്ള ലാബുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയര്‍ത്തുകയും ലാബുകളെ പരസ്പരം ഹബ്ബ് ആന്‍ഡ് സ്‌പോക്ക് മാതൃകയില്‍ ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ വീടിന് തൊട്ടടുത്ത് പരിശോധന നടത്താം.

അടിസ്ഥാന ലാബ് പരിശോധനകള്‍, സങ്കീര്‍ണ ലാബ് പരിശോധനകള്‍, എ എം ആര്‍ സര്‍വയലന്‍സ്, മെറ്റാബോളിക്ക് സ്‌ക്രീനിങ്, ടി ബി-കാന്‍സര്‍ സ്‌ക്രീനിങ്, ഔട്ട്‌ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധനകള്‍, സാംക്രമിക രോഗ നിര്‍ണയവും നിരീക്ഷണവും എന്നിങ്ങനെ ലബോറട്ടറി പരിശോധനകളെ ഏഴ് ഡൊമൈനുകളായി തരം തിരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തില്‍ തന്നെ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്ന ഈ സംവിധാനം രാജ്യത്ത് തന്നെ ആദ്യമാണ്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 1,300 ഓളം ലാബുകള്‍ നിലവില്‍ നിര്‍ണയ പദ്ധതിയുടെ ഭാഗമാണ്. ഇതില്‍ വിവിധ ജില്ലകളിലായി ഇരുന്നൂറിലധികം ഹബ്ബ് ലാബുകളും 1100 ഓളം സ്‌പോക്ക് ലാബുകളും ഉള്‍പ്പെടുന്നു.

കേരള സര്‍ക്കാരിന്റെ ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴിയാണ് റിസല്‍ട്ട് ലഭ്യമാകുന്നത്. പോര്‍ട്ടലിലും എസ് എം എസ് ആയും എം ഇ ഹെല്‍ത്ത് (meHealth) മൊബൈല്‍ ആപ്പ് വഴിയും റിസല്‍ട്ട് ലഭ്യമാകും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസും ഈ പദ്ധതിയുമായി സഹകരിക്കുന്നു. കൂടുതല്‍ സങ്കീര്‍ണമായ ടെസ്റ്റുകള്‍ കുടുംബാരോഗ്യ/പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ തലത്തില്‍ തന്നെ സാധ്യമാകുന്നു. ദൂരെയുള്ള ഹബ്ബ് ലാബില്‍ നേരിട്ട് ചെല്ലാതെ തന്നെ പരിശോധനകള്‍ നടത്തുവാന്‍ രോഗിക്ക് സാധിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ഗുണ നിലവാരമുള്ള പരിശോധനകള്‍ കുറഞ്ഞ ചെലവില്‍ രോഗിക്ക് ലഭ്യമാകുന്നു. ടെസ്റ്റ് റിസല്‍ട്ടുകള്‍, സാമ്പിളുകള്‍ പരിശോധനയ്ക്കായി നല്‍കിയ സ്‌പോക്ക് ലാബുകളായ ഹെല്‍ത്ത് സെന്ററില്‍ നിന്ന് തന്നെ സമയബന്ധിതമായി ലഭിക്കുന്നു. കൂടാതെ പരിശോധനാ സമയത്ത് നല്‍കിയ വെരിഫൈഡ് രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ എസ് എം എസ് ആയും രോഗിക്ക് ലഭിക്കുന്നു. ഈ സംവിധാനത്തിലൂടെ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുവാന്‍ സാധിക്കുന്നു. രോഗികളുടെ ചികിത്സാ ചെലവ് കുറക്കുകയും ചെയ്യുന്നു. നവകേരളം കര്‍മ്മപദ്ധതിയിലും ആര്‍ദ്രം പദ്ധതിയിലും വിഭാവനം ചെയ്ത സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിലെ നിര്‍ണായക ചുവടുവെപ്പാണ് ‘നിര്‍ണയ’. ‘നിര്‍ണയ’ ലബോറട്ടറി ശൃംഖലയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരളത്തിന്റെ രോഗപരിശോധനാ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമാണ് ‘നിര്‍ണയ’ എന്ന് മന്ത്രി പറഞ്ഞു.

 

Latest