National
ജസ്റ്റിസ് സൂര്യകാന്തിനെ 53-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു; നവം: 24ന് സത്യപ്രതിജ്ഞ
2027 നവംബര്‍ ഒമ്പത് വരെയാണ് കാലാവധി.
ന്യൂഡല്‍ഹി | ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു. നവംബര്‍ 24നാണ് സത്യപ്രതിജ്ഞ. 2027 നവംബര്‍ ഒമ്പത് വരെയാണ് കാലാവധി.
നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ കാലാവധി നവംബര്‍ 23ന് അവസാനിക്കും. തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസായി ഗവായ് കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തിരുന്നു. ജസ്റ്റിസ് സൂര്യകാന്തിനെ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അഭിനന്ദിച്ചു.
1962 ഫെബ്രുവരി 10നാണ് സൂര്യകാന്തിന്റെ ജനനം. 1984ല്‍ ഹരിയാനയിലെ മഹര്‍ഷി ദയാനന്ദ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി. ഹിസാറിലെ ജില്ലാ കോടതിയില്‍ അഭിഭാഷകനായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനായി ചണ്ഡിഗഡിലേക്ക് മാറി. 38ാം വയസ്സില്‍ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റു. 2004ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. നീണ്ട 14 വര്‍ഷം ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ 2018 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. 2019 മെയ് 24ന് സുപ്രീം കോടതി ജഡ്ജിയായും നിയമിതനായി.



