Connect with us

National

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വിജയം; ബിജെപി ഏറ്റവും വലിറ ഒറ്റകക്ഷി

ഫലം പ്രഖ്യാപിച്ച 288 നഗർ പരിഷത്ത്, പഞ്ചായത്ത് സീറ്റുകളിൽ 129 എണ്ണത്തിലും ബി ജെ പി വിജയിച്ചു

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് വൻ വിജയം. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി ജെ പി മാറി. ഫലം പ്രഖ്യാപിച്ച 288 നഗർ പരിഷത്ത്, പഞ്ചായത്ത് സീറ്റുകളിൽ 129 എണ്ണത്തിലും ബി ജെ പി വിജയിച്ചു.

ബി ജെ പിയുടെ ഈ വിജയം ഏക്നാഥ് ഷിൻഡെയ്ക്കും അജിത് പവാറിനുമുള്ള മുന്നറിയിപ്പാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഹർഷ് വർധൻ സപ്കൽ പറഞ്ഞു. ബി ജെ പി തങ്ങളുടെ സഖ്യകക്ഷികളെ വൈകാതെ പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസിറ്റീവ് സമീപനത്തിലും അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയ നേതാക്കളിലും ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ആരെയും വ്യക്തിപരമായി വിമർശിക്കാതെ വികസന പദ്ധതികൾ മാത്രം വിശദീകരിച്ചാണ് താൻ പ്രചാരണം നടത്തിയതെന്നും ജനങ്ങൾ അത് അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബർ രണ്ടിനും ഇരുപതിനുമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആരംഭിച്ചത്. കർഷക പ്രതിസന്ധിയും സാമ്പത്തിക സഹായത്തെക്കുറിച്ചുള്ള പരാതികളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷം ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഭരണസഖ്യം മുന്നേറുകയായിരുന്നു. ഭരണകക്ഷിയുടെ പണക്കൊഴുപ്പും സ്വാധീനവുമാണ് വിജയത്തിന് പിന്നിലെന്ന് ശിവസേന യു ബി ടി. നേതാവ് അംബാദാസ് ദൻവെ ആരോപിച്ചു.

Latest