National
വിദ്യാര്‍ഥിനിയെ ശല്യം ചെയ്തു; ആണ്‍കുട്ടികളുടെ അമ്മമാര്‍ അറസ്റ്റില്‍, പിതാക്കളേയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ്
മക്കള്‍ക്ക് നല്ല സംസ്‌കാരവും ധാര്‍മികമൂല്യങ്ങളും പകര്‍ന്നുനല്‍കാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ്
ലക്‌നോ | വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. ബുദൂനിലാണ് സംഭവം. മക്കള്‍ക്ക് നല്ല സംസ്‌കാരവും ധാര്‍മികമൂല്യങ്ങളും പകര്‍ന്നുനല്‍കാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയി ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
സ്‌കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ നാല് ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടര്‍ന്നതോടെ പെണ്‍കുട്ടി പിതാവിനെ വിവരമറിയിച്ചു.തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. കുടുംബത്തിന്റെ പരാതിയില്‍ ഭാരതീയ ന്യായസംഹിത(ബിഎന്‍സ്) പ്രകാരവും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു.
പോലീസ് അന്വേഷണം നടത്തിയതോടെയാണ് ശല്യപ്പെടുത്തിയ ആണ്‍കുട്ടികളെല്ലാം 13 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്‍കുകയും ഇവരെ കേസില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തില്‍ ആണ്‍കുട്ടികളുടെ പിതാക്കളെയും അറസ്റ്റ് ചെയ്യുമെന്നുംപോലീസ് വ്യക്തമാക്കി. നാലുപേരുടെയും പിതാക്കള്‍ നിലവില്‍ ഉത്തര്‍പ്രദേശിന് പുറത്ത് ജോലിചെയ്യുന്നവരാണ്. തിരിച്ചെത്തിയാല്‍ ഇവരെയും കേസില്‍ അറസ്റ്റ് ചെയ്യുമെന്നും മോശമായി പെരുമാറുന്ന മറ്റുകുട്ടികളെ ഇത്തരം പ്രവൃത്തികളില്‍നിന്ന് തടയാന്‍കൂടിയാണ് ഈ നടപടികളെന്നും പോലീസ് വ്യക്തമാക്കി



