Kerala
ശബരിമല വിമാനത്താവള പദ്ധതി; ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി
പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചതാണ് കോടതി നടപടി
കൊച്ചി | ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനയി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചതാണ് കോടതി നടപടി. സ്ഥലമേറ്റെടുപ്പ് ചോദ്യം ചെയ്ത് ഗോസ്പല്‍ ഏഷ്യാ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് വിജ്ഞാപനം റദ്ദ് ചെയ്തിരിക്കുന്നത്
വിമാനത്താവളത്തിനായി 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1,200 ഏക്കര്‍ മതിയാകുമെന്നും ചീഫ് ജസ്റ്റീസ് സി. ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ കീഴിലാണ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2022 ഡിസംബര്‍ 30നാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറക്കിയത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാല്‍ ഈ പദ്ധതിക്കായി ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതില്‍ സോഷ്യല്‍ ഇംപാക്ട് അസസ്മെന്റ് യൂണിറ്റും എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയും സര്‍ക്കാരും പരാജയപ്പെട്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കണ്ടെത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് പുതിയ സാമൂഹ്യ ആഘാത പഠനത്തിന് കോടതി നിര്‍ദേശം നല്‍കി. പഠനസംഘത്തില്‍ വിമാനത്താവളം, ഡാം തുടങ്ങിയ സാങ്കേതിക പദ്ധതികളെക്കുറിച്ച് അറിവുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു


