Connect with us

National

അസമിലെ അനധികൃത കുടിയേറ്റം: കോൺഗ്രസിനെ പഴിച്ച് പ്രധാനമന്ത്രി; തിരിച്ചടിച്ച് ഖാർഗെ

കോൺഗ്രസ് ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും അസമിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ താമസിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി; ഭരണത്തിലെ പരാജയം മറച്ചുവെക്കാൻ ഭരണകക്ഷി കണ്ടെത്തുന്ന ഒഴികഴിവ് മാത്രമാണിതെന്ന് മല്ലികാർജുൻ ഖർഗെ

Published

|

Last Updated

ന്യൂഡൽഹി | അനധികൃത കുടിയേറ്റം സംബന്ധിച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും തമ്മിലുള്ള വാക്പോര് മുറുകുന്നു. കോൺഗ്രസ് ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും അസമിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ താമസിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. എന്നാൽ ഭരണത്തിലെ പരാജയം മറച്ചുവെക്കാൻ ഭരണകക്ഷി കണ്ടെത്തുന്ന ഒഴികഴിവ് മാത്രമാണിതെന്ന് മല്ലികാർജുൻ ഖർഗെ തിരിച്ചടിച്ചു.

അസമിലെ നാംരൂപിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. കോൺഗ്രസ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അസമിലെ വനങ്ങളിലും ഭൂമിയിലും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പാർപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താൽപ്പര്യത്തേക്കാൾ അധികാരത്തിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിനെ അവർ എതിർക്കുന്നത് അതുകൊണ്ടാണ്. എന്നാൽ ബിജെപി സർക്കാർ അസം ജനതയുടെ അസ്തിത്വവും ഭൂമിയും അഭിമാനവും നിലനിൽപ്പും സംരക്ഷിക്കാൻ വേണ്ടിയാണ് പൊരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഈ രാജ്യത്തോട് വളരെയധികം തെറ്റുകൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 11 വർഷമായി അവ തിരുത്താൻ ശ്രമിക്കുകയാണ്. എല്ലാം നേരെയാക്കാൻ ഇനിയും ധാരാളം ജോലികൾ ബാക്കിയുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ 10,601 കോടി രൂപയുടെ വളം ഫാക്ടറി ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

അതേസമയം പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ മല്ലികാർജുൻ ഖർഗെ ശക്തമായി അപലപിച്ചു. കേന്ദ്രത്തിലും അസമിലും ബി ജെ പി ഭരിക്കുമ്പോൾ എങ്ങനെയാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയെന്ന് അദ്ദേഹം ചോദിച്ചു. ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ എല്ലാം പ്രതിപക്ഷത്തിന് മേൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് ഒരിക്കലും കുടിയേറ്റക്കാരെയോ തീവ്രവാദികളെയോ സംരക്ഷിക്കില്ലെന്നും രാജ്യതാൽപ്പര്യത്തിനാണ് പാർട്ടി മുൻഗണന നൽകുന്നതെന്നും ഖർഗെ വ്യക്തമാക്കി.

കുടിയേറ്റക്കാരെ തടയുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി സ്വന്തം പരാജയം മറച്ചുവെക്കാനാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest