Connect with us

Ongoing News

ലോകബാങ്ക് സ്റ്റാറ്റിസ്റ്റിക്കൽ ഇൻഡക്സ് 2024; അറബ് രാജ്യങ്ങളിൽ സൗദി അറേബ്യ ഒന്നാമത്

ആഗോള റാങ്കിംഗിൽ 188 രാജ്യങ്ങളുടെ പട്ടികയിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഊദി 51-ാം സ്ഥാനത്താണ്.

Published

|

Last Updated

റിയാദ് | ലോകബാങ്ക് പ്രസിദ്ധീകരിച്ച 2024-ലെ സ്റ്റാറ്റിസ്റ്റിക്കൽ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ സഊദി അറേബ്യ മികച്ച നേട്ടം കൈവരിച്ചു. അറബ് ലോകത്തെ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തിയ സഊദി, ജി20  രാജ്യങ്ങൾക്കിടയിൽ രാജ്യത്തിൻറെ സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തെത്തി. 2023-ൽ 81.5% ആയിരുന്ന സഊദിയുടെ സ്കോർ 2024-ൽ 83.3% ആയി ഉയർന്നു. അതോടൊപ്പം കഴിഞ്ഞ വർഷം 14-ാം സ്ഥാനത്തായിരുന്ന സഊദി മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 11-ാം സ്ഥാനത്ത് എത്തി.

ആഗോള റാങ്കിംഗിൽ 188 രാജ്യങ്ങളുടെ പട്ടികയിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഊദി 51-ാം സ്ഥാനത്താണ്. വിമാനത്താവളങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഡാറ്റാ കൈമാറ്റവും ഗുണനിലവാരവും പരിശോധിക്കുന്ന ‘ഡാറ്റാ സർവീസസ്’ വിഭാഗത്തിൽ ജി20 രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് സഊദി അറേബ്യ.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ഡിജിറ്റൽ പരിവർത്തനമാണ് പ്രധാനമായും ഈ നേട്ടത്തിലെത്താൻ രാജ്യത്തെ സഹായിച്ചത്. കൃത്യവും സമഗ്രവുമായ വിവരശേഖരണത്തിലൂടെ സുസ്ഥിര വികസന പദ്ധതികൾ കൃത്യമായി നിരീക്ഷിക്കാൻ സഊദിക്ക് സാധിക്കുന്നുണ്ട്. ഭരണനിർവ്വഹണത്തിലും നയരൂപീകരണത്തിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഡാറ്റാ കൃത്യത ഉറപ്പാക്കിയതും ലോകബാങ്കിന്റെ അംഗീകാരത്തിന് കാരണമായി.

ഡാറ്റാ ഉപയോഗം, സേവനം, ഉൽപ്പന്നങ്ങൾ, ഉറവിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവരശേഖരണത്തിന്റെ അഞ്ച് പ്രധാന ഘടകങ്ങളെ  അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് ഈ റാങ്കിംഗ് നിശ്ചയിക്കുന്നത്. ഇതിൽ ഡാറ്റാ സേവനം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ വിഭാഗങ്ങളിൽ ലോകത്തെ മികച്ച 20% രാജ്യങ്ങളുടെ പട്ടികയിൽ സഊദി ഇടംപിടിച്ചു.

ഭരണകൂടത്തിന്റെ നിരന്തരമായ പിന്തുണയും വിഷൻ 2030-ന്റെ ഭാഗമായുള്ള പരിഷ്കാരങ്ങളുമാണ് രാജ്യത്തെ ഈ വലിയ നേട്ടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

---- facebook comment plugin here -----

Latest