International
ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ മയ്യിത്തുകള്‍ ഒന്നിച്ച് മറവ് ചെയ്ത് ഇറാന്‍; ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍
'അമേരിക്കയുടെ അന്ത്യം, ഇസ്‌റാഈലിന്റെ അന്ത്യം, കീഴടങ്ങാന്‍ ഒരുക്കമല്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ ഉച്ചത്തിലുയര്‍ത്തി.
ടെഹറാന്‍ | ഇറാനില്‍ ദക്ഷിണ നഗരമായ മിനാബിലെ സ്‌കൂളിനു നേരെ യുഎസ്-ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിനികളെയും ജീവനക്കാരെയും ഒന്നിച്ച് മറവ് ചെയ്തു. 165 പേരെയാണ് മറവ് ചെയ്തത്.
മിനാബിലെ പബ്ലിക് സ്‌ക്വയറില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ ദേശീയ മാധ്യമം പുറത്തുവിട്ടു. തടിച്ചുകൂടിയ ജനങ്ങള്‍ ഇസ്‌ലാമിക് റിപബ്ലിക് ഫ്‌ളാഗ് വീശി. ‘അമേരിക്കയുടെ അന്ത്യം, ഇസ്‌റാഈലിന്റെ അന്ത്യം, കീഴടങ്ങാന്‍ ഒരുക്കമല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജനക്കൂട്ടം ഉച്ചത്തിലുയര്‍ത്തി. കറുത്ത നിഖാബ് ധരിച്ചാണ് സ്ത്രീകള്‍ ചടങ്ങില്‍ പങ്കെടുത്തത്. ഇവരിലൊരാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ മകളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. അമേരിക്ക നടത്തുന്ന കുറ്റകൃത്യങ്ങളുടെ നേര്‍രേഖയാണ് ഇതെന്ന് അവര്‍ പറഞ്ഞു. ‘അവര്‍ ദൈവമാര്‍ഗത്തില്‍ മരണപ്പെട്ടു’ എന്നും ആ മാതാവ് വിളിച്ചുപറഞ്ഞു.
ഇറാനെ ആക്രമിക്കുമെന്ന് യു എസും ഇസ്‌റാഈലും സംയുക്തമായി പ്രഖ്യാപിച്ച ശേഷം സിവിലിയന്മാര്‍ക്കെതിരെ യുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണ് സ്‌കൂളിനു നേരെ നടന്നത്. കുട്ടികളെ കൂട്ടക്കൊല നടത്തിയതില്‍ യു എസിനും ഇസ്‌റാഈലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തിയിരുന്നു. ‘പ്രൈമറി സ്‌കൂളിനു നേരെയുള്ള യുഎസ്-ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട നിഷ്‌കളങ്കരായ വിദ്യാര്‍ഥികള്‍ക്കായാണ് ഈ ഖബറിടങ്ങള്‍ ഒരുക്കിയത്. അവരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ട്രംപ് വാഗ്ദാനം ചെയ്ത ‘രക്ഷാപ്രവര്‍ത്തനം” യഥാര്‍ഥത്തില്‍ ഇതാണെന്ന് വ്യക്തമായി. ഗസയിലും മിനാബിലും നിരപരാധികളായ അനേകം പേരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.’- അരാഗ്ചി എക്‌സില്‍ കുറിച്ചു.
മിനാബില്‍ ഇങ്ങനെയൊരു ആക്രമണം നടന്നതിനെ കുറിച്ച് അറിയില്ലെന്നാണ് ഇസ്‌റാഈല്‍ സൈന്യം പറയുന്നത്. ഫലസ്തീന്‍ ജനതക്കെതിരെ ക്രൂരമായ കൂട്ടക്കൊലകള്‍ നടത്തിയ പല അവസരങ്ങളിലും ഇതേക്കുറിച്ച് അറിയില്ല എന്ന പ്രതികരണമാണ് ഇസ്‌റാഈലില്‍ നിന്നുണ്ടായത്. പിന്നീട് ഒരുതരത്തിലും തള്ളിക്കളയാനാവാത്ത തെളിവുകള്‍ പുറത്തുവന്നപ്പോള്‍ ‘അബദ്ധത്തില്‍ സംഭവിച്ചത്’ എന്നാണ് ഈ സംഭവങ്ങളെ ഇസ്‌റാഈല്‍ വിശേഷിപ്പിച്ചത്.



