fraud
പൂജയുടെ മറവിൽ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ
വയനാട് ലക്കിടി അറമല സ്വദേശി കൂപ്ലിക്കാട്ടിൽ രമേശിനെയാണ് കൊല്ലം പുനലൂർ കുന്നിക്കോടുള്ള വാടക വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രത്യേക പൂജ നടത്തി സ്വർണനിധി എടുത്തുനൽകാമെന്നും ചൊവ്വാദോഷം മാറ്റിനൽകാമെന്നും പറഞ്ഞ് പത്രപരസ്യം നൽകി ആളുകളെ വലയിൽ വീഴ്ത്തി ലക്ഷങ്ങളുടെ സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയ ആളാണ് രമേശ്
നിലമ്പൂർ | പൂജയുടെ മറവിൽ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുകയായിരുന്നയാളെ ഒന്പത് മാസത്തിന് ശേഷം നിലമ്പൂർ പോലീസ് പിടികൂടി. വയനാട് ലക്കിടി അറമല സ്വദേശി കൂപ്ലിക്കാട്ടിൽ രമേശി(36)നെയാണ് കൊല്ലം പുനലൂർ കുന്നിക്കോടുള്ള വാടക വീട്ടിൽ നിന്ന് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രമേശൻ നമ്പൂതിരി, രമേശൻ സ്വാമി, സണ്ണി എന്നീ പേരുകളിലാണ് പല സ്ഥലത്തും ഇയാൾ അറിയപ്പെടുന്നത്.
പ്രത്യേക പൂജ നടത്തി സ്വർണനിധി എടുത്തുനൽകാമെന്നും ചൊവ്വാദോഷം മാറ്റിനൽകാമെന്നും പറഞ്ഞ് പത്രപരസ്യം നൽകി ആളുകളെ വലയിൽ വീഴ്ത്തി ലക്ഷങ്ങളുടെ സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയ ആളാണ് രമേശ്. വണ്ടൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് 2017 ആഗസ്റ്റ് 16 മുതൽ വിവിധ ദിവസങ്ങളിലായി അക്കൗണ്ട് വഴി 1,10,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ ജാതകത്തിലെ ചൊവ്വാദോഷമകറ്റി വിവാഹം ശരിയാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്.
വയനാട് ജില്ലയിൽ സമാനമായ നിരവധി തട്ടിപ്പുകൾ പ്രതി നടത്തിയതായി പോലീസ് പറയുന്നു. ഭർത്താവും രണ്ട് കുട്ടികളുമുള്ള കോഴിക്കോട് സ്വദേശിനിയുമായി പ്രണയത്തിലായ പ്രതി ഇവരുമായി കൽപ്പറ്റ മണിയൻകോട് ക്ഷേത്രത്തിന് സമീപം വീടെടുത്ത് താമസിച്ച് പൂജാ തട്ടിപ്പ് നടത്തിവരികയായിരുന്നു. രണ്ട് വർഷം മുമ്പ് വയനാട് കോറോമിലെ മറ്റൊരു യുവതിയുമായി പ്രണയത്തിലായ പ്രതി ഈ യുവതിയുമായി ഒളിച്ചോടി കൊല്ലം പുനലൂരിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു. പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. പോലീസുകാർ ആഴ്ചകളോളം വേഷം മാറ്റി നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പിൽ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അത് പുറത്തെടുക്കാനും പൂജ നടത്താനുമുള്ള ചെലവിലേക്കെന്ന് പറഞ്ഞ് അഞ്ച് പവന്റെ സ്വർണാഭരണം തട്ടിയെടുത്തതായും സമാന രീതിയിൽ മീനങ്ങാടി സ്വദേശിനിയായ യുവതിയിൽ നിന്ന് എട്ട് പവന്റെ സ്വർണാഭരണം തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മണിയങ്കോട് സ്വദേശി സന്തോഷ് എന്നയാളിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും നിധി കുഴിച്ചെടുക്കാനെന്ന പേരിൽ വീടിനു ചുറ്റും ആഴത്തിൽ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നിർദേശപ്രകാരം നിലമ്പൂർ ഡി വൈ എസ് പി സാജു കെ എബ്രഹാമിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.





