Uae
ഒരു ലക്ഷം ഹിജാബ് പിന്നുകള്‍ കൊണ്ട് യുഎഇ ഭരണാധികാരികളുടെ ചിത്രം!
ഹിജാബിന്റെ പിന്നുകൾ മാത്രം ഉപയോഗിച്ച് യുഎഇ ഭരണാധികാരികളുടെ കൂറ്റൻ ചിത്രം ഒരുക്കി ശ്രദ്ധ നേടുന്നത് പത്തനംതിട്ട സ്വദേശിയായ അനിൽ കുമ്പനാട് ആണ്.
അബൂദബി|യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അതിന്റെ 54-ാമത് ദേശീയ ദിനം ആഘോഷിക്കുമ്പോൾ, പോറ്റിവളർത്തിയ നാടിനോടുള്ള സ്നേഹം വേറിട്ടൊരു കലാസൃഷ്ടിയിലൂടെ സമർപ്പിക്കുകയാണ് അബൂദബിയിലെ ഒരു മലയാളി കലാകാരൻ. സാധാരണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഹിജാബിന്റെ പിന്നുകൾ മാത്രം ഉപയോഗിച്ച് യുഎഇ ഭരണാധികാരികളുടെ കൂറ്റൻ ചിത്രം ഒരുക്കി ശ്രദ്ധ നേടുന്നത് പത്തനംതിട്ട സ്വദേശിയായ അനിൽ കുമ്പനാട് ആണ്.
പിന്നുകളിലെ വിസ്മയം
അബൂദാബി മദീനാ സായിദ് ഷോപ്പിങ് സെന്ററിലെ സൂപ്പർവൈസറാണ് അനിൽ. ജോലിക്കിടയിലെ ഒഴിവുസമയങ്ങൾ ഉപയോഗിച്ചാണ് ഈ അതുല്യ കലാസൃഷ്ടിക്ക് അദ്ദേഹം ജീവൻ നൽകിയത്. പെൻസിലോ പേനയോ ഉപയോഗിച്ച് വരച്ചതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും, ഇതിലെ ഓരോ രേഖയും പൂർണമായും ഹിജാബിന്റെ പിന്നുകൾ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്.
അബൂദാബി മദീനാ സായിദ് ഷോപ്പിങ് സെന്ററിലെ സൂപ്പർവൈസറാണ് അനിൽ. ജോലിക്കിടയിലെ ഒഴിവുസമയങ്ങൾ ഉപയോഗിച്ചാണ് ഈ അതുല്യ കലാസൃഷ്ടിക്ക് അദ്ദേഹം ജീവൻ നൽകിയത്. പെൻസിലോ പേനയോ ഉപയോഗിച്ച് വരച്ചതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും, ഇതിലെ ഓരോ രേഖയും പൂർണമായും ഹിജാബിന്റെ പിന്നുകൾ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്.
“സാധാരണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് ഹിജാബ് പിന്നുകൾ ഉപയോഗിച്ച് ഭരണാധികാരികളുടെ ചിത്രം ചെയ്യാം എന്ന ആശയത്തിലെത്തിയത്. ഇത് രാജ്യത്തോടുള്ള എന്റെ സ്നേഹത്തിന്റെ ഒരു സമർപ്പണമാണ്,” അനിൽ കുമ്പനാട് പ്രതികരിച്ചു.
250 മണിക്കൂറും ഒരു ലക്ഷം പിന്നുകളും
നാല് മീറ്റർ വീതിയും രണ്ടര മീറ്റർ ഉയരവുമുള്ള ഈ ഭീമൻ ചിത്രം പൂർത്തിയാക്കാൻ അനിലിന് ഏകദേശം 250 മണിക്കൂറിലധികം സമയം വേണ്ടിവന്നു. ചിത്രത്തിന്റെ പൂർണതയും കൃത്യതയും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ്. ഈ ഒറ്റ ചിത്രത്തിനായി ഒരു ലക്ഷത്തോളം ഹിജാബ് പിന്നുകളാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.
കാഴ്ചയുടെ വിരുന്നൊരുക്കി പ്രദർശനം
അനിൽ കുമ്പനാട് ഒരുക്കിയ ഈ കലാവിരുന്ന് നിലവിൽ മദീനാ സായിദ് ഷോപ്പിങ് സെന്ററിൽ പ്രദർശനത്തിന് വെച്ചിരിക്കുകയാണ്. ഈ അപൂർവ ചിത്രം കാണാനും ഫോട്ടോ എടുക്കാനുമായി ദിവസവും നൂറുകണക്കിന് ആളുകളാണ് ഷോപ്പിങ് സെന്ററിലേക്ക് എത്തുന്നത്. യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഈ പ്രദർശനം ഡിസംബർ 10 വരെ നീണ്ടുനിൽക്കും.
പോറ്റമ്മ നാടിനോടുള്ള സ്നേഹവും കടപ്പാടും നൂതനമായ കലാസൃഷ്ടിയിലൂടെ പ്രകടിപ്പിച്ച അനിൽ കുമ്പനാട്, യുഎഇയിലെ മലയാളി സമൂഹത്തിനും രാജ്യത്തിന് മൊത്തത്തിലും അഭിമാനമായി മാറുകയാണ്. മുൻ വർഷങ്ങളിലും അനിൽ വ്യത്യസ്തമായ കലാ സൃഷ്ട്ടി രാജ്യത്തിനായി സമർപ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----




