Aksharam Education
തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയാം
ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതിന് ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതിന് ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹിയിലെ നിർവചന സദൻ ആണ് ഇലക്ഷൻ കമ്മീഷന്റെ ആസ്ഥാനം. ഇന്ത്യ റിപബ്ലിക് ആകുന്നതിനു തൊട്ട് മുമ്പ് 1950 ജനുവരി 25 നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന ജനുവരി 25 ആണ് ഇന്ത്യയിൽ ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലവൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാണ്. ഇദ്ദേഹത്തോടൊപ്പം രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഇന്ത്യൻ ഭരണഘടനയിലെ 15ാം ഭാഗത്തിലെ ആർട്ടിക്കിൾ 324 മുതൽ 329 വരെയുള്ള വകുപ്പുകൾ തിരഞ്ഞെടുപ്പിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇതിൽ ആർട്ടിക്കിൾ 324 തിരഞ്ഞെടുപ്പ് കമ്മീഷനെയും കമ്മീഷന്റെ ചുമതലകളെയും പ്രതിപാദിക്കുന്നു. ആറ് വർഷം അല്ലെങ്കിൽ 65 വയസ്സ് വരെയാണ് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ കാലാവധി. സുപ്രീം കോടതി ജഡ്ജിയുടേതിന് തുല്യമായ സ്ഥാനവും വേതനവും ഇവർക്ക് ലഭിക്കുന്നു. പാർലിമെന്റിന്റെ ഇംപീച്ച്‌മെന്റിലൂടെ മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പദവിയിൽ നിന്ന് നീക്കാൻ സാധിക്കു. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിരിക്കണം. രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും വേണ്ടി ഇലക്ഷൻ കമ്മീഷൻ ഒരു മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിക്കുകയും കാലാകാലങ്ങളിൽ പരിഷ്‌കരിക്കുകയും ചെയ്യുന്നു.
കമ്മീഷന്റെ അധികാരങ്ങൾ
സ്ഥാനാർഥികളുടെ അഴിമതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കമ്മീഷൻ കോടതികൾക്ക് ശിപാർശകൾ നൽകും. തിരഞ്ഞെടുപ്പ് ചെലവുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കമ്മീഷന് ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാനാർഥികളെ അയോഗ്യരാക്കാനും അധികാരമുണ്ട്. സമ്മതിദായകർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ നിരവധി പരിപാടികൾ നടത്തുന്നു. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എന്നിവയുടെ ഉപയോഗത്തിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനുള്ള ഉത്തരവാദിത്വവും കമ്മീഷനാണ് വഹിക്കുന്നത്.
പ്രധാന ചുമതലകൾ
- രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ നടത്തുക
- പാർലിമെന്റിന്റെ ഇരുസഭകളുടെയും രൂപവത്കരണത്തിനാവശ്യമായ തിരഞ്ഞെടുപ്പ് നടത്തുക.
- പാർലിമെന്റംഗങ്ങളുടെ യോഗ്യത നിശ്ചയിക്കുക
- സംസ്ഥാന നിയമസഭകളുടെ രൂപവത്കരണവും അംഗങ്ങളുടെ യോഗ്യത നിശ്ചയിക്കലും.
- വോട്ടർ പട്ടിക തയ്യാറാക്കുക, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ കണ്ടെത്തുക, രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരവും ചിഹ്നവും നൽകുക
- തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളുടെ തീയതി പ്രഖ്യാപിക്കൽ, പെരുമാറ്റ ചട്ടം രൂപവത്കരിക്കൽ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനവും പരിശീലനവും, വോട്ടിംഗ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ നടത്തുക.
- പട്ടികവിഭാഗക്കാർക്ക് ലോക്സഭയിലും നിയമസഭയിലും സീറ്റുകൾ സംവരണം ചെയ്യുക
- തിരഞ്ഞെടുപ്പിനു വേണ്ടി ജനസംഖ്യ നിർണയിക്കുക.
കമ്മീഷന്റെ ചരിത്രം
തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന കാലത്ത് ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമാണുണ്ടായിരുന്നത്. 1951-52 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷനെ സഹായിക്കാൻ വേണ്ടി ബോംബെയും പാറ്റ്നയും മുഖ്യകേന്ദ്രങ്ങളാക്കി രണ്ട് പ്രാദേശിക കമ്മീഷണർമാരെ രാഷ്ട്രപതി താത്കാലികമായി നിയമിച്ചിരുന്നു. 1957ലെ രണ്ടാം പൊതു തിരഞ്ഞെടുപ്പിലും ഡൽഹി കേന്ദ്രമാക്കി മൂന്ന് ഡപ്യൂട്ടി കമ്മീഷണർമാരെ രാഷ്ട്രപതി താത്കാലികമായി നിയമിച്ചിരുന്നു. 1989 ഒക്ടോബർ 16 ന് ആദ്യമായി രണ്ട് അഡീഷനൽ കമ്മീഷണർമാരെ നിയമിച്ചു. 1990 ജനുവരി ഒന്ന് വരെ മാത്രമേ അവർക്ക് കാലാവധി ഉണ്ടായിരുന്നുള്ളൂ. 1993 ഒക്ടോബർ ഒന്നിനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കൂടാതെ രണ്ട് അധിക തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കൂടി നിയമിച്ചത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
പാർലിമെന്റെിലേക്കും നിയസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആണെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉത്തരവാദിത്വം സ്വതന്ത്ര ഭരണഘടനാ അതോറിറ്റിയായ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെയോ കേന്ദ്ര ഭരണപ്രദേശത്തിലെയോ പ്രാദേശിക സർക്കാറിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഭരണഘടനാപരമായി സ്വതന്ത്ര ചുമതലയുള്ള അധികാര സംവിധാനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് പറയാം.
ചുമതലകൾ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുക, നിയോജക മണ്ഡലത്തിന്റെ അതിർത്തി നിർണയം, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കുക, സ്ഥാനങ്ങളുടെയും നിയോജകമണ്ഡലങ്ങളുടെയും സംവരണം, രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ, തിരഞ്ഞെടുപ്പ് ചെലവുകൾ അവലോകനം ചെയ്യുക, ജനപ്രതിനിധികളെ അയോഗ്യരാക്കൽ തുടങ്ങിയവയാണ് ഉത്തരവാദിത്വങ്ങൾ.
ഗവർണറാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 243 (കെ) 243 ( ഇസെഡ് എ) അനുച്ഛേദങ്ങൾ പ്രകാരം രൂപവത്കരിച്ച സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
കമ്മീഷൻ കേരളത്തിൽ
കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ മൂന്നിനാണ്. തിരുവനന്തപുരത്തെ “ജനഹിതം’ ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം. എ ഷാജഹാനാണ് നിലവിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ്സു വരെയാണ് സംസ്ഥാന കമ്മീഷണറുടെ കാലാവധി. എം എസ് കെ രാമസ്വാമി ആയിരുന്നു കേരളത്തിലെ ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർമാർ
സുകുമാർ സെൻ
സുകുമാർ സെൻ ആണ് ഇന്ത്യയുടെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. 1950 മാർച്ച് 21 നാണ് സെൻ ചുമതലയേറ്റത്. നേപ്പാൾ, സുഡാൻ എന്നീ രാജ്യങ്ങളുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ പദവിയും സുകുമാർ സെൻ അലങ്കരിച്ചിട്ടുണ്ട്.
കെ വി കെ സുന്ദരം
ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന കെ വി കെ സുന്ദരം ആണ് ഏറ്റവും കൂടുതൽ കാലം ആ പദവി അലങ്കരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ സെക്രട്ടറി ആയി രുന്ന കെ വി കെ സുന്ദരം അഞ്ചാം നിയമകമ്മീഷൻ അധ്യക്ഷൻ കൂടിയായിരുന്നു
വി എസ് രമാദേവി
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലെത്തിയ ഒരേയൊരു വനിത വി എസ് രമാദേവി ആണ്. ഏറ്റവും കുറഞ്ഞ കാലം ഈ പദവിയിലിരുന്ന വ്യക്തി കൂടിയായ രമാദേവി രാജ്യസഭയുടെ സെക്രട്ടറി ജനറൽ പദം അലങ്കരിച്ച ആദ്യ വനിതയുമാണ്.
ടി എൻ ശേഷൻ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലെത്തിയ ആദ്യ മലയാളി ടി എൻ ശേഷനാണ്. മഗ്‌സാസേ പുരസ്‌കാരം നേടിയ ആദ്യ ഇലക്ഷൻ കമ്മീഷണറായ ശേഷൻ 1997 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ ആർ നാരായണനെതിരെ മത്സരിച്ചിരുന്നു.
ഗ്യാനേഷ് കുമാർ
ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറാണ്. രാജ്യത്തിന്റെ 26ാമത്തെ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറായ ഗ്യാനേഷ് കുമാർ 2025 ഫെബ്രുവരി 19നാണ് ചുമതലയേറ്റത്. സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരാണ് നിലവിലെ ഇലക്ഷൻ കമ്മീഷണർമാർ.
തയ്യാറാക്കിയത്: ഫാത്തിമ ഷഹാന

