Ongoing News
ആ കട്ടില്‍ കണ്ട് പനിക്കേണ്ട; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടില്ലെന്ന് സണ്ണി ജോസഫ്
രാഹുല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും സണ്ണി ജോസഫ്
സണ്ണി ജോസഫ് കാലിക്കറ്റ് പ്രസ് ക്ലബ് മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുന്നു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് സമീപം
കോഴിക്കോട് | ലൈംഗിക പീഡനക്കേസിന് പിറകെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇത് സംബന്ധിച്ച ഇടത് ആരോപണം ബാലിശമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഒളിപ്പിച്ചുവെച്ച സ്ഥലം അവര്‍ക്ക് അറിയില്ലെങ്കില്‍ കൂടെ പോകാന്‍ താന്‍ തയ്യാറാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. രാഹുലിന്റെ അറസ്റ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു കീഴ്വഴക്കമില്ലെന്നും രാഹുലിന്റെ രാജി ആവശ്യപ്പെടില്ലെന്നും ആ കട്ടില്‍ കണ്ട് പനിക്കണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.




