Kerala
പേരാമ്പ്രയില്‍ തന്നെ പോലീസ് മര്‍ദിച്ചത് ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍: ഷാഫി പറമ്പില്‍ എം പി
തെളിവുകള്‍ സഹിതം ലോകസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കും

കോഴിക്കോട് | പേരാമ്പ്രയില്‍ തന്നെ പോലീസ് മര്‍ദിച്ചത് ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു എന്നു ഷാഫി പറമ്പില്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്രയും ദിവസമായിട്ടും പോലീസ് തന്നില്‍ നിന്ന് മൊഴിയെടുത്തിട്ടില്ലെന്നും അദ്ദഹേം പറഞ്ഞു. തെളിവുകള്‍ സഹിതം ലോകസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കും. ഈ പരാതി ഇല്ലാതാക്കാനാണ് സി പി എമ്മും പോലീസും നാടന്‍ ബോംബിന്റെ കഥയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ മര്‍ദ്ദിച്ചയാളെ തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എ ഐ ടൂളിന്റെ ആവശ്യമില്ല. മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി ഐ അഭിലാഷ് ഡേവിഡ് ആണ്. മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്‌പെന്‍ഷനില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാര്‍ത്ത വന്നതാണെന്നും വഞ്ചിയൂര്‍ സി പി എം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.
പൊലീസിന്റെ കൈയില്‍ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കുണ്ടായത്. പേരാമ്പ്രയില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് താന്‍ ശ്രമിച്ചത്. അതിന്റെ ദൃശ്യങ്ങള്‍ ഉണ്ട്. ഇത്ര വലിയ മര്‍ദനമേറ്റിട്ടും അവിടുന്നു ഓടി ആശുപത്രിയില്‍ പോകാഞ്ഞത് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ വേണ്ടിയാണ്. അവിടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിച്ചത്. മര്‍ദിച്ചില്ലെന്ന് പറഞ്ഞ എസ് പിക്ക് പോലും അത് മാറ്റിപ്പറയേണ്ടി വന്നു. എ ഐ ടൂള്‍ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞു നടപടിയെടുക്കും എന്ന് പറഞ്ഞു. എന്നിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. സി പി എം ഇടപെടലിനെ തുടര്‍ന്നാണ് എസ് പി അന്വേഷണം നിര്‍ത്തിയത്. സംഘര്‍ഷമുണ്ടാക്കിയത് പോലീസിലെ ചിലരാണെന്ന റൂറല്‍ എസ്പിയുടെ ശബ്ദരേഖ പുറത്തു വന്ന ശേഷം ഇടപെടല്‍ ഉണ്ടായി.
ഒരു ഉദ്യോഗസ്ഥന്‍ തന്നെയാണ് രണ്ടു തവണ അടിച്ചത്. മൂന്നാമത് അടിച്ചപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ തടഞ്ഞു. അടിക്കുന്ന സമയത്ത് ഒരു സംഘര്‍ഷമോ കല്ലേറോ ഉണ്ടായിട്ടില്ല. പോലീസിന്റെ കൈയില്‍ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് പരിക്കുണ്ടായത്. ഗ്രനേഡ് കൈയില്‍ വെച്ച് ഒരു കൈയില്‍ ലാത്തി കൊണ്ട് ഡിവൈ എസ് പി ഹരിപ്രസാദ് അടിക്കാന്‍ ശ്രമിച്ചെന്നും ഷാഫി പറഞ്ഞു.