Uae
സായിദ് സുസ്ഥിരതാ സമ്മാനം; ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
ജനുവരി 13-ന് വിജയികളെ പ്രഖ്യാപിക്കും

അബൂദബി | സായിദ് സുസ്ഥിരതാ സമ്മാനത്തിന്റെ ഈ വർഷത്തെ സൈക്കിളിന്റെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. ആഗോള വെല്ലുവിളികൾക്കുള്ള നൂതനമായ പരിഹാരങ്ങളെ അംഗീകരിക്കുന്ന സമ്മാന വിജയികളെ ഈ വർഷം ജനുവരി 13-ന് നടക്കുന്ന അബൂദബി സുസ്ഥിരതാ വാരത്തിൽ പ്രഖ്യാപിക്കും.
ആരോഗ്യം, ഭക്ഷണം, ഊർജം, ജലം, കാലാവസ്ഥാ പ്രവർത്തനം, ആഗോള ഹൈസ്‌കൂളുകൾ എന്നീ ആറ് വിഭാഗങ്ങളിലായി ഈ വർഷം 7,761 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് ജൂറി 33 ഫൈനലിസ്റ്റുകളെയാണ് തിരഞ്ഞെടുത്തത്. മുൻ സൈക്കിളിനെ അപേക്ഷിച്ച് അപേക്ഷയിൽ 30 ശതമാനം വർധനവുണ്ട്.
സുസ്ഥിരതയും വളർച്ചയും ആളുകൾ ക്ഷേമവും സമൃദ്ധിയും ആസ്വദിക്കുന്ന ഒരു ഭാവിക്കുള്ള ഏകവും സംയോജിതവുമായ പാതയാണ് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെ പൈതൃകം എന്നതിന്റെ തെളിവാണ് സമ്മാനത്തിന് ലഭിക്കുന്ന മികച്ച പിന്തുണയെന്ന് യു എ ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും സായിദ് സുസ്ഥിരതാ സമ്മാനത്തിന്റെ ഡയറക്ടർ ജനറലുമായ ഡോ. സുൽത്താൻ അഹ്‌മദ് അൽ ജാബർ പറഞ്ഞു.
മുൻ സൈക്കിളുകളിലെ 128 വിജയികൾ അവതരിപ്പിച്ച പരിഹാരങ്ങളിലൂടെ, അവാർഡ് 11.4 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും 54.1 ദശലക്ഷം വീടുകളിൽ വിശ്വസനീയമായ ഊർജ വിതരണങ്ങൾ എത്തിക്കുന്നതിനും സഹായകരമായിട്ടുണ്ട്. 17 ദശലക്ഷം ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നതിനും 1.2 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിലുള്ള ആരോഗ്യ സംരക്ഷണം നൽകുന്നതിനും ഇത് ഹേതുവായി.