Connect with us

Kerala

വിദ്യാര്‍ഥികള്‍ക്കായി പ്രതിമാസ, ത്രൈമാസ പാസ് അനുവദിക്കാനൊരുങ്ങി കൊച്ചി മെട്രോ; ജുലൈ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍

ശരാശരി ടിക്കറ്റ് നിരക്കില്‍ നിന്ന് 33 ശതമാനം ഇളവാണ് ഈ പാസിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുകയെന്ന് കെഎംആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ

Published

|

Last Updated

കൊച്ചി |  വിദ്യാര്‍ഥികള്‍ക്കായി പ്രതിമാസ, ത്രൈമാസ പാസ് നടപ്പിലാക്കാനൊരുങ്ങി കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര ആവശ്യ പ്രകാരമാണിത്. 1100 രൂപയുടെ പ്രതിമാസ യാത്രാ പാസില്‍ ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള്‍ ചെയ്യാം.

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കണം എന്ന വിവിധ മേഖലകളിലുള്ളവരുടെ നിരന്തര അഭ്യര്‍ഥന ഉള്‍പ്പെടെ വിവിധ വശങ്ങള്‍ പരിശോധിച്ചാണ് പുതിയ പാസ് അവതരിപ്പിച്ചിരിക്കുന്നത്. ശരാശരി ടിക്കറ്റ് നിരക്കില്‍ നിന്ന് 33 ശതമാനം ഇളവാണ് ഈ പാസിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുകയെന്ന് കെഎംആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ പറഞ്ഞു.

പാസിന്റെ കാലാവധി എടുക്കുന്ന തിയതി മുതല്‍ 30 ദിവസമാണ്. ത്രൈമാസ പാസിന് 3000 രൂപയാണ് നിരക്ക്. മുന്നു മാസമാണ് കാലാവധി. 150 യാത്രകള്‍ നടത്താം. ഒരു ടിപ്പിന് പ്രതിദിന ശരാശരി നിരക്ക് 33 രൂപയാണ്. 50 യാത്രയ്ക്ക് 1650 രൂപയാകും. അതാണ് വിദ്യാര്‍ഥി പാസ് എടുക്കുന്നതോടെ 1100 രൂപയായി കുറയുന്നത് . വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ പാസ് എടുക്കുന്നതിലുടെ 550 രൂപ ലാഭിക്കാം.പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 30 വയസാണ്.വിദ്യാലയ മേധാവി നല്‍കുന്ന സാക്ഷ്യപത്രം, സ്റ്റുഡന്റ്‌സ് ഐഡി കാര്‍ഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ജൂലൈ 1 മുതല്‍ പാസ് എടുക്കാം. വിദ്യാര്‍ഥികള്‍ക്കുള്ള പാസ് കൈമാറ്റം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ല. പാസിലെ തുക റീ ഫണ്ട് അനുവദിക്കില്ല. ഇന്ത്യയില്‍ നാഗ്പൂര്‍, പുനെ, മെട്രോകള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്രാ പാസ് അനുവദിക്കുന്നത്.

 

---- facebook comment plugin here -----

Latest