Connect with us

Malappuram

കരിപ്പൂര്‍ വിമാന ടിക്കറ്റ് നിരക്ക്; ഹജ്ജ് തീര്‍ഥാടകരുടെ ആശങ്ക ഉടന്‍ പരിഹരിക്കണമെന്ന് ഖലീല്‍ തങ്ങള്‍

മഅ്ദിന്‍ സുഹ്ബതുല്‍ ഹുജ്ജാജ്; മക്ക-മദീന സന്ദര്‍ശിച്ചവരുടെ സംഗമം ശ്രദ്ധേയമായി.

Published

|

Last Updated

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മക്ക-മദീന സന്ദര്‍ശിച്ചവരുടെ സംഗമം സുഹ്ബതുല്‍ ഹുജ്ജാജ് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ 1500-ാം ജന്മദിനത്തിന്റെ ഭാഗമായി വിശുദ്ധ മക്കയും മദീനയും സന്ദര്‍ശിച്ചവരുടെ സംഗമമായ സുഹ്ബതുല്‍ ഹുജ്ജാജിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആയിരങ്ങള്‍ മഅ്ദിന്‍ കാമ്പസില്‍ ഒരുമിച്ചുകൂടി. 2010 മുതല്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മക്ക-മദീന സന്ദര്‍ശിച്ചവരാണ് സംഗമത്തിനെത്തിയത്. ഹാജിമാരെ സംസമും കാരക്കയും നല്‍കിയാണ് മഅ്ദിന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. കരിപ്പൂര്‍ വഴി യാത്ര ഉദ്ദേശിക്കുന്ന ഹജ്ജ് തീര്‍ഥാടകരുടെ വിമാന യാത്രാക്കൂലി ഇതര എംബാര്‍ക്കേഷനുകളേക്കാള്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ച നടപടി ഹാജിമാരെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും കരിപ്പൂരിനെ തഴയാനുള്ള ശ്രമങ്ങളെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹാജിമാരെ സംബന്ധിച്ചിടത്തോളം ഹജ്ജ് തീര്‍ഥാടനം ചെറുപ്പം മുതലേയുള്ള അഭിലാഷമാണ്. കൂടുതല്‍ ഹാജിമാരും വര്‍ഷങ്ങളോളം തങ്ങളുടെ വേതനത്തില്‍ നിന്നും മറ്റും ചെറിയ തുകകള്‍ സ്വരൂപിച്ചാണ് ഹജ്ജ് കര്‍മത്തിനുള്ള പണം കണ്ടെത്തുന്നത്. സര്‍ക്കാര്‍ മുഖേന പോകുന്ന ഹാജിമാരില്‍ കൂടുതലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ദരിദ്രരുമാണ്. അവരുടെ സ്വപ്നങ്ങളുടെ ചിറകരിയാന്‍ പാടില്ല.

കുറെ വര്‍ഷങ്ങള്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തിയ ഇടമാണ് കരിപ്പൂര്‍. സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനുള്ള അനുമതി നല്‍കി ഹാജിമാരും യാത്രക്കാരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ഖലീല്‍ തങ്ങള്‍ ആവശ്യപ്പെട്ടു.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, മഅദിന്‍ ഹജ്ജ് ഉംറ ഡയറക്ടര്‍ അശ്‌റഫ് സഖാഫി പൂപ്പലം, ദുല്‍ഫുഖാര്‍ അലി സഖാഫി പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ലബ്ബൈക്ക് സ്‌പെഷ്യല്‍ പതിപ്പ് ഖലീല്‍ ബുഖാരി തങ്ങള്‍ ചെറുമുക്ക് അബ്ദുല്‍ ഖാദിര്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. മുബശ്ശിര്‍ അദനി പെരിന്താറ്റിരി, ശബീര്‍ അലി അദനി പോത്തന്നൂര്‍, അസദ് പൂക്കോട്ടൂര്‍, അഫ്‌സല്‍ ചട്ടിപ്പറമ്പ് എന്നിവര്‍ മദ്ഹ് ആലാപനത്തിന് നേതൃത്വം നല്‍കി.

 

 

Latest