From the print
ജൂലൈ 21; ഭൂമിയിലെ ചൂടൻ ദിനം
1940ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ദിനം

പാരീസ് | മനുഷ്യൻ രേഖപ്പെടുത്തിയ ഭൂമിയിലെ ഉയർന്ന ചൂട് അനുഭവപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ച. കഴിഞ്ഞ 84 വർഷത്തിനിടെയുള്ള റെക്കോർഡ് ചൂട് ആയിരുന്നു ഇതെന്ന് യൂറോപ്യൻ കാലാവസ്ഥാ ഏജൻസിയായ കോപർനിക്കസ് അറിയിച്ചു.
ഞായറാഴ്ച ആഗോള ശരാശരി താപനില 17.09 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കഴിഞ്ഞ വർഷം ജൂലൈ ആറിന് രേഖപ്പെടുത്തിയ 17.08 ഡിഗ്രി സെൽഷ്യസ് ആണ് പഴങ്കഥയായത്. 0.01 ഡിഗ്രിയുടെ വ്യത്യാസമാണുള്ളത്. അതിന് മുന്പുള്ള റെക്കോർഡ് 2016 ആഗസ്റ്റിലെ 16.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഈ വർഷം പൊതുവെ ആഗോള താപനിലയിൽ വലിയ വർധനയാണുണ്ടായത്.
1940 നു ശേഷമുള്ള ഏറ്റവും ചൂടേറിയ ദിനമാണിത്. മനുഷ്യന്റെ ബോധപൂർവമായ ഇടപെടലുകളുണ്ടായില്ലെങ്കിൽ വരും വർഷങ്ങളിൽ റെക്കോർഡുകൾ ഇനിയും പിറക്കുമെന്ന് കാലാവസ്ഥാ ഏജൻസി ഡയറക്ടർ കാർലോ ബ്യൂണ്ടെംപോ പറഞ്ഞു.
അന്റാർട്ടിക്കയിലെ വിവിധ ഭാഗങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഇതാണ് ആഗോള താപനിലയിലെ വർധനവിന് കാരണമായി കാലാവസ്ഥ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. മാത്രമല്ല, അന്റാർട്ടിക്ക് സമുദ്രത്തിലെ മഞ്ഞുപാളികൾ താഴുകയും ചെയ്തു. ജൂൺ മുതൽ ആഗസ്റ്റ് വരെ വടക്കൻ അർധഗോളത്തിൽ സാധാരണ വേനലായിരിക്കും. ദക്ഷിണാർധ ഗോളത്തിലെ സമുദ്രങ്ങൾ തണുക്കുന്നതിനാൽ വളരെ വേഗം വടക്കൻ അർധ ഗോളത്തിൽ ഭൂപ്രദേശങ്ങൾ ചൂടാകുന്നു.
കഴിഞ്ഞ 13 മാസത്തെ താപനിലയും മുൻകാല റെക്കോർഡുകളും തമ്മിലുള്ള വ്യത്യാസം അമ്പരിപ്പിക്കുന്നതാണ്. 2015 മുതലാണ് താപനിലയിൽ വ്യത്യാസം വരാൻതുടങ്ങിയത്. 2015ൽ പാരീസിൽ ചേർന്ന യു എൻ കാലാവസ്ഥ ഉച്ചകോടിയിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ തടയാൻ ആഗോള ശരാശരി താപനില വർധനവ് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടാൻ നിർദേശം വന്നിരുന്നു. എന്നാൽ അതൊരിക്കലും പ്രാവർത്തികമായില്ല.