Connect with us

Kerala

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതില്‍ ആശ്വാസം; കാന്തപുരത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കാന്തപുരത്തിന്റെ ഇടപെടലിലൂടെയാണ് വധശിക്ഷ യെമന്‍ അധികൃതര്‍ മാറ്റിവച്ചത്.

Published

|

Last Updated

തിരുവനന്തപുരം | യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതില്‍ ആശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയതില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വാര്‍ത്ത ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണ്. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുളള കൂടുതല്‍ സമയമാണ് നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. അതിലേക്ക് നയിച്ചത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മുന്‍കൈയും ഇടപെടലും കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാന്തപുരത്തിന്റെ ഇടപെടലിലൂടെയാണ് വധശിക്ഷ യെമന്‍ അധികൃതര്‍ മാറ്റിവച്ചത്. ഇതുസംബന്ധിച്ച വിധിപകര്‍പ്പും ഔദ്യോഗിക അറിയിപ്പും ലഭിച്ചതായി കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. യെമനിലെ പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തിയാണ് അദ്ദേഹം വധശിക്ഷ മാറ്റിവെക്കുന്നതിന് ആവശ്യമായ നിര്‍ണായക ഇടപെടല്‍ നടത്തിയത്.

മുഖ്യമന്ത്രിയുടെ എഫ് ബി കുറിപ്പ്:
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണ്. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള കൂടുതല്‍ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മുന്‍കൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂര്‍ണ്ണവിജയത്തില്‍ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.