From the print
ഹജ്ജ് ഇന്‍സ്പെക്ടര്‍; അപേക്ഷ ക്ഷണിച്ചു
നാളെ മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. അടുത്ത മാസം മൂന്ന് ആണ് അവസാന തീയതി.

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന 2026ലെ ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടറായി സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര, കേരള സര്‍ക്കാര്‍ സര്‍വീസിലെ സ്ഥിരം ഉദ്യോഗസ്ഥരില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommttiee.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. നാളെ മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. അടുത്ത മാസം മൂന്ന് ആണ് അവസാന തീയതി.
അപേക്ഷയില്‍ നിശ്ചിത യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ അപ്്‌ലോഡ് ചെയ്യണം. കേന്ദ്ര, കേരള സര്‍ക്കാര്‍ സര്‍വീസിലുള്ള സീനിയര്‍ ഓഫീസര്‍മാര്‍ (ക്ലാസ്സ് എ) അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകര്‍ക്ക് 2026 ഡിസംബര്‍ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്സ്പോര്‍ട്ട് ഉണ്ടായിരിക്കണം. 50 വയസ്സ് കഴിയരുത്. അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. ഹജ്ജ് കര്‍മങ്ങളെക്കുറിച്ച് നല്ല അറിവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരായിരിക്കണം.
നിശ്ചിത യോഗ്യതയുള്ള അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ ബേസ്ഡ് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തിയാണ് തിരഞ്ഞെടുപ്പ് നടത്തുക. ശേഷം ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും ഓരോ പകര്‍പ്പും വകുപ്പ് മേധാവിയുടെ എന്‍ ഒ സിയും സഹിതം ഇന്റര്‍വ്യൂവിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിക്കുമ്പോള്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍ക്കുലര്‍ നമ്പര്‍ 13 കാണുക.