Connect with us

Articles

ഉദയ്പൂര്‍ പ്രഖ്യാപനത്തിലെ ശുഭസൂചനകള്‍

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സും നേതാക്കളും ജനങ്ങളില്‍ നിന്ന് അകന്നുവെന്നതും പുതിയ തലമുറയുടെ മുന്‍ഗണനാ ക്രമത്തില്‍ അവരേറെക്കുറെ ഇല്ലാതായെന്നതും പല തിരഞ്ഞെടുപ്പുകളിലൂടെ ചുവരില്‍ എഴുതപ്പെട്ടതാണ്. അത് ആ പാര്‍ട്ടി തന്നെ സമ്മതിച്ചുവെന്നതാണ് ചിന്തന്‍ ശിബിരത്തിന്റെ പ്രാധാന്യം. അവ്വിധമാണവസ്ഥയെന്ന് സ്വയം മനസ്സിലാക്കാതെ ജനപിന്തുണ തിരിച്ചെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചിന്തയുണ്ടാകില്ലല്ലോ! ആ നിലക്ക് ചിന്തന്‍ ശിബിരം ഒരു വിജയമാണെന്ന് പറയാം.

Published

|

Last Updated

കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളോട് ജനങ്ങള്‍ക്കിടയില്‍ ഉണര്‍ന്നുവരുന്ന എതിര്‍പ്പും സംഘ്പരിവാരത്തിന്റെ ധ്രുവീകരണ അജന്‍ഡകളോടുള്ള രോഷവും ചേര്‍ന്ന് ഉയരുന്ന വികാരം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന് (ഇന്ദിര) അനുകൂലമായി ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും തീവ്ര ഹിന്ദുത്വ അജന്‍ഡയെ എതിര്‍ക്കുന്ന കക്ഷികളുടെ പിന്തുണയോടെ അധികാരത്തിലേക്ക് തിരിച്ചെത്താമെന്നുമായിരുന്നു ആ പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ പ്രതീക്ഷ. 2019ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാനായത് ഈ പ്രതീക്ഷക്ക് ബലമേകുകയും ചെയ്തു. ആകെ ക്ഷീണിച്ചുവെങ്കിലും, പ്രതിപക്ഷനിരയിലെ പാര്‍ട്ടികളില്‍ രാജ്യത്താകെ വേരുകളുള്ള ഏക പാര്‍ട്ടിയെന്ന നിലക്ക് ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം ഏറ്റവുമധികം ലഭിക്കാനിടയുള്ളത് കോണ്‍ഗ്രസ്സിനാണെന്നും ആകയാല്‍ അധികാരത്തില്‍ തിരിച്ചെത്തുക എന്നത് സ്വാഭാവികമായി സംഭവിക്കുമെന്നും നേതാക്കള്‍ കരുതി. അടിയന്തരാവസ്ഥക്ക് ശേഷമുണ്ടായ പരാജയത്തില്‍ നിന്ന് തിരിച്ചെത്തിയതും 1998 – 2004 കാലത്തെ പ്രതിപക്ഷ കാലത്തിന് ശേഷം ഭരണത്തിന് നേതൃത്വം നല്‍കാനായതുമൊക്കെ ആത്മവിശ്വാസം നല്‍കാനുണ്ടായിരുന്നു. സര്‍വോപരി, രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത പാര്‍ട്ടിയുടെ പാരമ്പര്യം ജനമൊരിക്കലും മറക്കില്ലെന്ന തോന്നലും.

ദുര്‍ബലമായ സംഘടനാ സംവിധാനം, വര്‍ഗീയ ധ്രുവീകരണത്തിലും തിരഞ്ഞെടുപ്പ് മാനേജ്മെന്റിലും പ്രൊഫഷനലുകളായി മാറിയ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ഉതകുന്നതല്ലെന്ന വിമര്‍ശത്തോട് ബധിരകര്‍ണരാകാന്‍ ഇതെല്ലാമായിരുന്നു കാരണം. പരമ്പരാഗത ലളിത ഗണിതമല്ല, പുതിയ പെര്‍മ്യൂട്ടേഷനും കോമ്പിനേഷനുമാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് അടിസ്ഥാനമെന്ന് മോദി – ഷാ സഖ്യവും സംഘ്പരിവാരത്തിന്റെ ആസൂത്രിത പ്രവര്‍ത്തനവും പലകുറി തെളിയിച്ചിട്ടും അതിന് ബദലുണ്ടാക്കാനുള്ള കേന്ദ്രീകൃതമായ ശ്രമം കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ശ്രമമുണ്ടായ സംസ്ഥാനങ്ങളില്‍, അത് നേതാക്കളുടെ മൂപ്പിളമത്തര്‍ക്കത്തില്‍ തട്ടി പരാജയപ്പെടുകയും ചെയ്തു. ഏറ്റവുമൊടുവില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തര്‍ പ്രദേശില്‍ നടത്തിയ പരീക്ഷണം നിലത്തുനിന്നുയരാതെ പാളുകയും ജനപിന്തുണയും സംഘടനാ സംവിധാനവുമുണ്ടായിരുന്ന പഞ്ചാബില്‍ വലിയ തോല്‍വി നേരിടുകയും ചെയ്തതോടെ, ആനപ്പുറത്തേറിയതിന്റെ തഴമ്പ് തടവിയിരുന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലേക്ക് (ഡി ഐ സി രൂപവത്കരിച്ച കാലത്തെ കെ മുരളീധരനോട് കടപ്പാട്) സോണിയ – രാഹുല്‍ – പ്രിയങ്ക ത്രയം എത്തി. ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന നേതൃത്വവും തിരഞ്ഞെടുക്കപ്പെട്ട സംഘടനാ സംവിധാനവും ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ വിമത വേഷമണിഞ്ഞതും ചില ആലോചനകള്‍ അനിവാര്യമാണെന്ന തിരിച്ചറിവുണ്ടാക്കി. അതിന്റെ തുടര്‍ച്ചയാണ് രാജസ്ഥാനില്‍ സംഘടിപ്പിക്കപ്പെട്ട മൂന്ന് ദിവസം നീണ്ട ചിന്തന്‍ ശിബിരവും ഉദയ്പൂര്‍ പ്രഖ്യാപനവും.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സും (ഇന്ദിര) അതിന്റെ നേതാക്കളും ജനങ്ങളില്‍ നിന്ന് അകന്നുവെന്നതും പുതിയ തലമുറയുടെ മുന്‍ഗണനാ ക്രമത്തില്‍ അവരേറെക്കുറെ ഇല്ലാതായെന്നതും പല തിരഞ്ഞെടുപ്പുകളിലൂടെ ചുവരില്‍ എഴുതപ്പെട്ടതാണ്. അത് ആ പാര്‍ട്ടി തന്നെ സമ്മതിച്ചുവെന്നതാണ് ചിന്തന്‍ ശിബിരത്തിന്റെ പ്രാധാന്യം. അവ്വിധമാണവസ്ഥയെന്ന് സ്വയം മനസ്സിലാക്കാതെ ജനപിന്തുണ തിരിച്ചെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചിന്തയുണ്ടാകില്ലല്ലോ! ആ നിലക്ക് ചിന്തന്‍ ശിബിരം ഒരു വിജയമാണെന്ന് ഇപ്പോഴും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായി തുടരുന്നവര്‍ക്കും അതിനെ പിന്തുണക്കുന്നവര്‍ക്കും ന്യായമായും പറയാം. സംഘടന നിലനില്‍ക്കുക എന്നതാണ് ഇപ്പോഴത്തെ ഘട്ടത്തില്‍ പ്രധാനമെന്നും നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ബൂത്ത് കമ്മിറ്റി മുതല്‍ എ ഐ സി സി വരെ യുവനേതാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കും, നേതൃതലത്തില്‍ വിവിധ ജാതി വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തും, നേതൃത്വത്തില്‍ സ്ത്രീകളുടെ എണ്ണം കൂട്ടും, പാര്‍ട്ടി പദവികളിലേക്ക് എത്തുന്നവരുടെ കാലപരിധി അഞ്ച് വര്‍ഷമാക്കും, പദവികള്‍ കൈയാളുന്നവര്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുമെന്നൊക്കെ ഉദയ്പൂര്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നത്. പാര്‍ലിമെന്ററി പദവികളും പാര്‍ട്ടി പദവികളും വഹിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന നിര്‍ദേശം തള്ളപ്പെട്ടുവെങ്കിലും ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മതിയെന്ന് (പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അഞ്ച് വര്‍ഷം തികച്ചവര്‍ക്ക് ബാധകമല്ല) നിശ്ചയിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ നിബന്ധനകളൊന്നും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ (ഇന്ദിര) ഭരണഘടനയുടെ ഭാഗമാക്കുന്നില്ലെങ്കിലും പാര്‍ട്ടി കടന്നുപോകുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത് നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. അതങ്ങനെ നടപ്പാക്കപ്പെട്ടാല്‍, പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നുപോയിക്കൊണ്ടിരുന്ന സംഘടനയില്‍ ചിന്തന്‍ ശിബിരുണ്ടാക്കിയ ചെറിയ ഊര്‍ജത്തിന് തുടര്‍ച്ചയുണ്ടാകും. ബി ജെ പിയെയും സംഘ്പരിവാരത്തെയും ചെറുക്കാന്‍ അത് മതിയാകില്ലെങ്കിലും എതിര്‍പക്ഷത്ത് ആളനക്കമുണ്ടെന്ന പ്രതീതി ജനങ്ങളിലുണ്ടാക്കാനെങ്കിലും കഴിഞ്ഞേക്കും.

അപ്പോഴും തീവ്ര ഹിന്ദുത്വ അജന്‍ഡകളെയും അതിലൂന്നി വളരുന്ന ഫാസിസത്തെയും നേരിടാന്‍ എന്ത് സമീപനമാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നതില്‍ വ്യക്തതയില്ല. ഹിന്ദുക്കളാണ് രാജ്യം ഭരിക്കേണ്ടത്, തീവ്ര ഹിന്ദുത്വവാദികളല്ലെന്ന രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രഖ്യാപനം പാര്‍ട്ടി നിലപാടായി തുടരുന്നുണ്ടോ? ന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രീയ – അധികാര ധാരയില്‍ അര്‍ഹമായ സ്ഥാനം ഉറപ്പാക്കി, മതനിരപേക്ഷ ജനാധിപത്യമെന്ന സങ്കല്‍പ്പത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കാനുള്ള ഇച്ഛാശക്തി പാര്‍ട്ടി കാണിക്കുമോ? ദരിദ്രരുടെ എണ്ണം ഗണ്യമായി കൂട്ടിക്കൊണ്ട്, വികസനവായ്ത്താരി മുഴക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിനെയും ബി ജെ പിയെയും സഹായിക്കുന്ന കോണ്‍ഗ്രസ്സ് തന്നെ തുടങ്ങിവെച്ച സാമ്പത്തിക പരിഷ്‌കരണനയത്തില്‍ മാറ്റം വരുത്തുക എന്നത് അജന്‍ഡയിലുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ കമ്മിറ്റികളെ നിശ്ചയിച്ചിട്ടുണ്ടെന്നാണ് ഉദയ്പൂര്‍ പ്രഖ്യാപനം. കോണ്‍ഗ്രസ്സിന്റെ കഴിഞ്ഞകാല രീതിയനുസരിച്ചാണെങ്കില്‍ കമ്മിറ്റികളില്‍ നിന്ന് എന്തെങ്കിലും റിപോര്‍ട്ടുകള്‍ ലഭിക്കാനുള്ള സാധ്യത കുറവ്. റിപോര്‍ട്ട് ലഭിച്ചാല്‍ തന്നെ എ ഐ സി സി ഓഫീസിലെ അലമാരയില്‍ പൊടിപിടിച്ചിരിക്കാനായിരിക്കും വിധി. ഇതിലെന്തെങ്കിലും സംശയമുള്ളവര്‍ക്ക് പ്രവര്‍ത്തക സമിതി അംഗമായ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയോട് ചോദിക്കാം. തിരഞ്ഞെടുപ്പ് പരാജയം പഠിച്ച്, വേണ്ട തിരുത്തലുകള്‍ നിര്‍ദേശിച്ച് എ കെ ആന്റണി അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ അദ്ദേഹം ഉദാഹരിച്ചേക്കും.

നിലവിലുള്ള സംഘടനാ സംവിധാനം ഉര്‍ജസ്വലമാക്കുകയും ഇല്ലാതായ ഇടങ്ങളില്‍ പുനഃസൃഷ്ടിക്കുകയും ചെയ്യുക എന്നതിനൊപ്പം പ്രധാനമാണ് തീവ്ര ഹിന്ദുത്വ ഭരണകൂടത്തിന്റെ നയങ്ങളോടുള്ള നിലപാട് നിശ്ചയിക്കലും അതിന് സമഗ്രമായ ബദലുണ്ടാക്കലും. അതുണ്ടെങ്കിലേ രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തത് പോലെ കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ക്ക് ജനങ്ങള്‍ക്കടിയിലേക്ക് ഇറങ്ങാനും ആശയ പ്രചാരണം നടത്താനും സാധിക്കൂ. അതുണ്ടാകാതിരിക്കെ, ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്ന നേതാക്കള്‍ എന്താണ് അവരോട് പറയുക? രാജ്യത്ത് ഇന്ധനവില വര്‍ധന വലിയ പ്രശ്നമാണ്. വിലക്കയറ്റം ജനങ്ങളെ വലക്കുന്നു. ചട്ടപ്പടി പ്രതിഷേധങ്ങളല്ലാതെ, ഈ വിഷമസന്ധിയെക്കുറിച്ച് ജനങ്ങളോട് സംസാരിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ തയ്യാറായെന്ന് കരുതുക. ഇന്ധനവില ഇവ്വിധം ഉയരാന്‍ പാകത്തില്‍ പരിഷ്‌കാരം കൊണ്ടുവന്നത് കോണ്‍ഗ്രസ്സ് തന്നെയല്ലേ എന്ന് തിരികെച്ചോദിച്ചാല്‍ മറുപടിയുണ്ടാകില്ല. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളൊക്കെ കിട്ടിയ വിലക്ക് വിറ്റുതുലക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയത്തെക്കുറിച്ച് പറഞ്ഞാലും ആ നയത്തിന്റെ ഉടയോനാരെന്ന ചോദ്യമുയരും.

ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുറപ്പിക്കാന്‍ പിന്തുടര്‍ന്ന മൃദുഹിന്ദുത്വം, കുത്തകകള്‍ക്ക് ലാഭമുറപ്പിക്കാന്‍ പാകത്തില്‍ മാറ്റിയെഴുതിയ സാമ്പത്തിക നയങ്ങള്‍, രാജ്യസുരക്ഷയുടെ പേരില്‍ വാര്‍ത്തെടുത്ത നിയമങ്ങള്‍ (ടാഡ, പോട്ട, മൂര്‍ച്ച കൂട്ടിയ യു എ പി എ) തുടങ്ങി സംഘ്പരിവാരം ഉപയോഗിച്ച് വളരുകയും കൂടുതല്‍ വളരാന്‍ ഉപയോഗിക്കുകയും ചെയ്യുന്നവയൊക്കെ സ്വന്തം സന്താനങ്ങളായി മുന്നില്‍ നില്‍ക്കെ, ബദലെന്തെന്നത് കോണ്‍ഗ്രസ്സിന് മുന്നില്‍ വലിയ ചോദ്യമാണ്. അതിന് ഉത്തരമുണ്ടെങ്കിലേ, സംഘടനയിലെ ഉണര്‍വിന് ജനത്തിനിടയില്‍ പ്രതികരണമുണ്ടാകൂ. യുദ്ധരീതി മനസ്സിലാക്കി പടയൊരുക്കുന്നതും പടയുണ്ടാക്കിയ ശേഷം യുദ്ധരീതി പഠിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്, ഫാസിസം വാഴുമ്പോള്‍ പ്രത്യേകിച്ചും.

 

Latest