Connect with us

siraj editorial

ഇന്ധനവിലയും ജി എസ് ടി ചർച്ചാ പ്രഹസനവും

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചർച്ചക്ക് വെച്ചത്. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താനും ഇന്ധന വില നിയന്ത്രിക്കാനും സാധിക്കാത്തതെന്ന് പ്രചരിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ

Published

|

Last Updated

പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിക്കു പുറത്തു തന്നെ. പെട്രോളിനെയും ഡീസലിനെയും ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതടിസ്ഥാനത്തിൽ വെള്ളിയാഴ്ച ലക്‌നോവിൽ ചേർന്ന ജി എസ് ടി കൗൺസിൽ യോഗം, പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനക്കു വെച്ചപ്പോൾ കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ഉത്തർ പ്രദേശ്, കർണാടക പോലുള്ള ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും ശക്തിയുക്തം എതിർക്കുകയായിരുന്നു.

പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുകയും കേന്ദ്ര സെസുകൾ നിർത്തലാക്കുകയും ചെയ്താൽ വില ഗണ്യമായി കുറയും. ഇന്ധന വില എല്ലാ കണക്കുകൂട്ടലുകളെയും കടന്നു വൻതോതിൽ ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് ഉപഭോക്താവിനു വലിയൊരു അനുഗ്രഹവുമാകും. എന്നാൽ പെട്രോളിനെ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനോട് സംസ്ഥാനങ്ങൾക്കു മാത്രമല്ല കേന്ദ്രത്തിനും താത്പര്യമില്ലെന്നതാണ് വസ്തുത. അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത്, യു പി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇന്ധനവില പ്രതിപക്ഷം പ്രധാന ആയുധമാക്കുമെന്നിരിക്കെ അതിന് തടയിടാനാണ് ജി എസ് ടിയിൽ ഇത് ഉൾപ്പെടുത്തുന്ന കാര്യം യോഗത്തിൽ ചർച്ചക്ക് വെച്ചത്. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താനും ഇന്ധന വില നിയന്ത്രിക്കാനും സാധിക്കാത്തതെന്നും കേന്ദ്രത്തിന്റെ കുറ്റംകൊണ്ടല്ലെന്നും പ്രചരിപ്പിക്കാമല്ലോ.
പെട്രോളിൽ നിന്നും ഡീസലിൽ നിന്നും സെസുകളും എക്‌സൈസ് ഡ്യൂട്ടികളും പിരിക്കാൻ കേന്ദ്രത്തിന് അധികാരം നിലനിൽക്കുകയും ജി എസ് ടി നടപ്പാക്കുകയും ചെയ്യുമ്പോൾ നഷ്ടം സംസ്ഥാന സർക്കാറുകൾക്കു മാത്രമാണ്. സംസ്ഥാനങ്ങളുടെ വരുമാനം ഗണ്യമായി കുറയാൻ ഇതിടയാക്കും. നിലവിൽ കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 30 ശതമാനത്തോളം ഇന്ധനത്തിൽ നിന്നുള്ള നികുതി വഴിയാണ് വന്നുചേരുന്നത്. ജി എസ് ടിയുടെ പകുതിയും എക്‌സൈസ് ഡ്യൂട്ടിയുടെ വളരെ ചെറിയൊരു വിഹിതവും മാത്രമാണ് പുറമേ കേരളത്തിനു ലഭിക്കുക. പെട്രോളിയവും മദ്യവും മാത്രമാണ് സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താവുന്ന ഉത്പന്നങ്ങൾ. ഇവ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിന്മേലുളള കടന്നു കയറ്റമാണെന്നാണ് യോഗത്തിൽ സംസ്ഥാനങ്ങൾ പറഞ്ഞത്.

കേന്ദ്രത്തിനു വരുമാനം കുത്തനെ വർധിപ്പിക്കാനും സംസ്ഥാനങ്ങളുടെ വരുമാനം ഇടിയാനും ഇടവരുത്തുന്ന തരത്തിലാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി സംബന്ധമായി കേന്ദ്രം സ്വീകരിച്ചു വരുന്ന നിലപാട്. എണ്ണയുടെ അടിസ്ഥാന വിലക്കു പുറമേ എക്‌സൈസ് നികുതി, അഡീഷനൽ എക്‌സൈസ് നികുതി, സെസ് എന്നിങ്ങനെ മൂന്ന് നികുതികൾ ഏർപ്പെടുത്തിയിട്ടുണ്ട് കേന്ദ്രം. ഇതിൽ അഡീഷനൽ എക്‌സൈസ് നികുതിയും സെസും കേന്ദ്രത്തിനു സ്വന്തമാണ്. ഇവയിൽ സംസ്ഥാനങ്ങൾക്ക് ഒരു പങ്കുമില്ല. എക്‌സൈസ് നികുതി സംസ്ഥാനങ്ങളുമായി പങ്കു വെക്കേണ്ടതുമാണ്. എന്നാൽ കേന്ദ്രം നികുതി വർധിപ്പിക്കുമ്പോൾ സംസ്ഥാനങ്ങളുമായി വിഹിതം പങ്ക് വെക്കേണ്ടതില്ലാത്ത അഡീഷനൽ എക്‌സൈസ് നികുതിയും സെസുമാണ് വർധിപ്പിക്കാറുള്ളത്. സംസ്ഥാനങ്ങൾക്കു വീതിച്ചു നൽകേണ്ട അടിസ്ഥാന എക്‌സൈസ് നികുതി വർധിപ്പക്കാറില്ലെന്നു മാത്രമല്ല, ഇടക്കിടെ കുറക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാറിന്റെ കഴിഞ്ഞ ആറ് വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് 307 ശതമാനം തീരുവ വർധിപ്പിച്ചതായി കാണാം. ഇതത്രയും അഡീഷനൽ നികുതിയാണ്. കേന്ദ്രത്തിന്റെ വരുമാനത്തിൽ വൻ വർധനവും സംസ്ഥാനങ്ങളുടെ വരുമാനത്തിൽ ഇടിവുമാണ് ഫലം.
ഒന്നര രൂപ മാത്രമാണ് നിലവിൽ ഒരു ലിറ്റർ പെട്രോളിന്റെ എക്‌സൈസ് നികുതി. ഈ തുകയുടെ 41 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കു വെക്കേണ്ടത്. മുഴുവൻ സംസ്ഥാനങ്ങളുമായി പങ്കു വെക്കുമ്പോൾ കേരളത്തിനു ലഭിക്കുന്ന വിഹിതം ഏതാണ്ട് ഒരു പൈസ മാത്രം. പെട്രോളിന് ജി എസ് ടി നടപ്പാക്കിയാലും കേന്ദ്രത്തിന് പെട്രോളിയം ഉത്പന്നങ്ങളുടെ മേൽ എക്‌സൈസ് നികുതി പിരിച്ചെടുക്കാനുള്ള അധികാരം ഭരണഘടന നൽകുന്നുണ്ട്. ഇതുപ്രകാരം കേന്ദ്രത്തിന് എക്‌സൈസ് നികുതിയും സെസും പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഈടാക്കാനാകും. ഈ സാഹചര്യത്തിൽ പെട്രോളും ഡീസലും ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനത്ത് ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത സ്ഥിതി വിശേഷം സംജാതമാകുമെന്നും കേന്ദ്ര സർക്കാർ ചുമത്തിയ അധിക സെസ് പിൻവലിക്കുകയാണ് ഇന്ധന വില കുറയാൻ ഏറ്റവും നല്ല മാർഗമെന്നുമാണ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നത്. റോഡ് സെസ് 18 രൂപയും കൃഷി, വികസന സെസ് 2.50 രൂപയും ഒരു ലിറ്റർ ഇന്ധനത്തിന്മേൽ കേന്ദ്രം ഇപ്പോൾ ഈടാക്കി വരുന്നുണ്ട്. ഇതു രണ്ടും ഉപേക്ഷിച്ചാൽ ലിറ്ററിനു ഇരുപത് രൂപക്ക് മുകളിൽ കുറക്കാനാകും.

കേന്ദ്രമാണ് നികുതിയിളവിലൂടെ വിലകുറയ്‌ക്കേണ്ടതെന്നു സംസ്ഥാനങ്ങളും സംസ്ഥാനങ്ങളാണ് കുറക്കേണ്ടതെന്നു കേന്ദ്രവും പരസ്പരം പഴിചാരുകയാണ് പതിവ്. ഇതിനിടയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി വില പിന്നെയും ഉയർന്നു കൊണ്ടിരിക്കും. പൊതു തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് കേന്ദ്രം അൽപ്പ ദിവസം വില ഉയരാതെ നിയന്ത്രിച്ചു നിർത്തുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എണ്ണക്കമ്പനികൾ, മരവിപ്പിച്ചു നിർത്തിയ ദിവസങ്ങളിലേതടക്കം ഈടാക്കുകയും ചെയ്യും. ഇന്ധന വില വർധനവിനു ഒരു പരിഹാരമുണ്ടാക്കാൻ കേന്ദ്ര സംസ്ഥാനങ്ങൾ കൂട്ടായ തീരുമാനം എടക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ വരുമാനക്കുറവിനുള്ള പരിഹാരത്തോടെ പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയിൽ ഉൾപ്പെടുത്തുകയോ, എണ്ണക്കമ്പനികൾക്കു പതിച്ചു കൊടുത്ത വില നിർണയാധികാരം തിരിച്ചു പിടിക്കുകയോ, സെസുകൾ എടുത്തു കളയുകയോ ചെയ്താൽ വില വലിയ തോതിൽ കുറക്കാനാകും.

Latest