Uae
ഷാർജയിൽ രണ്ട് ദിവസം പാർക്കിംഗ് സൗജന്യം
ഡിസംബർ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഇളവ് ലഭിക്കുക.
ഷാർജ | യു എ ഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ച് ഷാർജയിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് നഗരസഭ അറിയിച്ചു. ഡിസംബർ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഇളവ് ലഭിക്കുക. എന്നാൽ ആഴ്ചയിലെ എല്ലാ ദിവസവും അവധി ദിവസങ്ങളിലും ഫീസ് ഈടാക്കുന്ന നീല ബോർഡുള്ള പാർക്കിംഗ് മേഖലകൾക്കും സ്മാർട്ട് പാർക്കിംഗ് യാർഡുകൾക്കും ഈ ഇളവ് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇ ആൻഡ് ഉപയോക്താക്കൾക്ക് 54 ജി ബി ഡാറ്റ സൗജന്യം
ടെലികോം ഓപ്പറേറ്ററായ ഇ ആൻഡ് 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്ക് 54 ജി ബി സൗജന്യ ലോക്കൽ ഡാറ്റ പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ആനുകൂല്യം ലഭ്യമാകുക. എല്ലാ ഇമാറാത്തി ഉപയോക്താക്കൾക്കും (പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ്) എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും 54 ജി ബി സൗജന്യ ഡാറ്റ ലഭിക്കും. വാസൽ പ്ലാനിൽ 50 ശതമാനം വരെ കിഴിവ്, ആറ് മാസത്തേക്ക് മൂന്ന് ജി ബി വരെ സൗജന്യ ഡാറ്റ എന്നിവയും ലഭിക്കും.
ഇമാറാത്തി കുടുംബ പ്ലാനിൽ സൗജന്യ ജി സി സി റോമിംഗ്, പ്രതിമാസം 100 ദിർഹമിന് ഒമ്പത് ലൈനുകൾ വരെ ചേർക്കാനുള്ള അവസരം, 24 മാസത്തെ പ്ലാനിനൊപ്പം സൗജന്യ ഗോൾഡ് നമ്പർ എന്നിവയും ഉൾപ്പെടുന്നു. പുതിയ ജി സി സി റോമിംഗ് പാക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 100 ദിർഹമിന് അഞ്ച് ജി ബി ഡാറ്റയും 20 മിനിറ്റും (മൂന്ന് ദിവസത്തേക്ക്), 200 ദിർഹമിന് 15 ജി ബി ഡാറ്റയും 50 മിനിറ്റും (10 ദിവസത്തേക്ക്) ലഭിക്കും.





