Kerala
അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി; പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്
കന്റോണ്‍മെന്റ് പോലീസാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.
തിരുവനന്തപുരം | അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ സംവിധായകനും മുന്‍ എം എല്‍ എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്. കന്റോണ്‍മെന്റ് പോലീസാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.
ഐ എഫ് എഫ് കെ സ്‌ക്രീനിംഗിനിടെ മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് മോശം അനുഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ഐ എഫ് എഫ് കെയിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്ന ജൂറിയിലെ അംഗമാണ് കുഞ്ഞുമുഹമ്മദ്. ചലച്ചിത്ര പ്രവര്‍ത്തകയും ജൂറി അംഗമാണ്.
കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിക്കാണ് ചലച്ചിത്ര പ്രവര്‍ത്തക ആദ്യം പരാതി നല്‍കിയത്. പരാതി മുഖ്യമന്ത്രി പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ മൊഴിയിലും പരാതിക്കാരി ആവര്‍ത്തിച്ചു. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും ചെയ്തു. കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.





