Thiruvananthapuram
ഇന്ത്യന്‍ മീഡിയ അബൂദബി വി പി എസ് ഹെല്‍ത്ത് കെയര്‍ ഭവന പദ്ധതി: പ്രവാസി മെഹ്ബൂബ് ഷംശുദ്ദീന് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു
ഇന്ത്യന്‍ മീഡിയ അബൂദബിയും വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ആദ്യ ഗുണഭോക്താവായാണ് മെഹ്ബൂബ് ഷംശുദ്ദീനെ തിരഞ്ഞെടുത്തത്.
അബൂദബി | മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ തിരുവനന്തപുരം പെരുമാതുറ സ്വദേശി മെഹ്ബൂബ് ഷംശുദ്ദീന് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. അബൂദബിയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബൂദബിയും, പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ആദ്യ ഗുണഭോക്താവായാണ് ഉംമ് അല്‍ ഖുവൈനില്‍ താമസിക്കുന്ന മെഹ്ബൂബ് ഷംശുദ്ദീനെ തിരഞ്ഞെടുത്തത്. വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ ആത്മാര്‍ഥതയോടെയും നിഷ്ഠയോടെയും ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഷംശുദ്ദീന്‍, പലര്‍ക്കും മാതൃകയാകുന്ന വ്യക്തിത്വമാണെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ തേടി ഇന്ത്യന്‍ മീഡിയ അബൂദബി വി പി എസ് ഹെല്‍ത്ത് കെയര്‍ ഭവന പദ്ധതിയുടെ സന്തോഷവാര്‍ത്ത എത്തുന്നത്.
അര്‍ഹരായ പ്രവാസികള്‍ക്ക് സുരക്ഷിത ഭവനം പദ്ധതി ലക്ഷ്യം
ഗള്‍ഫില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ വിഷമിക്കുന്ന പ്രവാസികളെ കണ്ടെത്തി, അവര്‍ക്ക് സുരക്ഷിതമായ ഒരു ഭവനം ഒരുക്കി നല്‍കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ ഭവന പദ്ധതി ആരംഭിച്ചത്. സമഗ്രമായ സാമൂഹിക-സാമ്പത്തിക പരിശോധനക്കും അപേക്ഷാ മൂല്യനിര്‍ണയത്തിനും ശേഷമാണ് മെഹ്ബൂബ് ഷംശുദ്ദീനെയും കുടുംബത്തെയും ആദ്യ ഘട്ടത്തില്‍ വീടിന് അര്‍ഹരായി തിരഞ്ഞെടുത്തത്. വീടിന്റെ നിര്‍മാണം എത്രയും പെട്ടെന്ന് തുടങ്ങുമെന്ന് ഇന്ത്യന്‍ മീഡിയ അബൂദബി ഭാരവാഹികളായ പ്രസിഡന്റ് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണന്‍ദാസ്, വൈസ് പ്രസിഡന്റ് റസാക്ക് ഒരുമനയൂര്‍, ജോയിന്റ് സെക്രട്ടറി നിസാമുദ്ധീന്‍ എന്നിവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ അബൂദബിയും വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും പദ്ധതിയെ ഒരു മനുഷ്യസ്നേഹ പ്രവര്‍ത്തനമായി തുടരാനും, ഭാവിയില്‍ കൂടുതല്‍ അര്‍ഹരായ പ്രവാസികള്‍ക്ക് സഹായം ലഭ്യമാക്കാനും ഉദ്ദേശിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.





