National
'അഗാധമായി ഖേദിക്കുന്നു'; ഡി ജി സി എയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഇന്‍ഡിഗോ
എന്താണ് പ്രതിസന്ധിക്കിടയാക്കിയതെന്ന കാര്യം ഇന്‍ഡിഗോ മറുപടി കത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് വിവരം.
ന്യൂഡല്‍ഹി | വിമാന സര്‍വീസുകള്‍ റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഇന്‍ഡിഗോ. സംഭവത്തില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ച ഇന്‍ഡിഗോ അധികൃതര്‍, പ്രതിസന്ധി മുന്‍കൂട്ടി കാണാനായില്ലെന്നത് നിര്‍ഭാഗ്യകരമാണെന്ന് വ്യക്തമാക്കി. എന്നാല്‍, എന്താണ് പ്രതിസന്ധിക്കിടയാക്കിയതെന്ന കാര്യം ഇന്‍ഡിഗോ കത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് വിവരം.
ഒരുപാട് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ കാരണം ചൂണ്ടിക്കാണിക്കുക എളുപ്പമല്ലെന്ന് ഇന്‍ഡിഗോ മറുപടിയില്‍ പറഞ്ഞു. മാത്രമല്ല, ഡി ജി സി എ നല്‍കുന്ന നോട്ടീസുകള്‍ക്ക് മറുപടി നല്‍കാന്‍ 15 ദിവസത്തെ കാലാവധിയുണ്ടെന്നും സമഗ്രാന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും എയര്‍ലൈന്‍സ് വിശദീകരിക്കുന്നു. ഇതിനിടയില്‍ റിപോര്‍ട്ട് തയ്യാറായാല്‍ സമര്‍പ്പിക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടുണ്ട്.
ആയിരത്തിലേറെ ഇന്‍ഡിഗോ വിമാന സര്‍വീസുകളാണ് ഒറ്റ ദിവസം റദ്ദാക്കിയിരുന്നത്. ഇതോടെ ഇന്‍ഡിഗോ സി ഇ ഒ പീറ്റര്‍ എല്‍ബേഴ്സിന് ഡി ജി സി എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.






