National
ദർഗക്ക് സമീപം കാർത്തിക വിളക്ക് കൊളുത്താൻ വിധി; മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഇംപീച്ച്മെൻ്റ് നോട്ടീസ് നൽകാൻ ഇന്ത്യാ സഖ്യം
ഡി എം കെ യുടെ നേതൃത്വത്തിലുള്ള ഈ നീക്കത്തെ സഖ്യത്തിലെ ഭൂരിപക്ഷം പാർട്ടികളും പിന്തുണയ്ക്കാൻ സാധ്യത
ചെന്നൈ | മധുരയിലെ തിരുപ്പരങ്കുൺട്രം മലയുടെ മുകളിൽ സിക്കന്ദർ ബാദുഷ ദർഗയ്ക്കടുത്തുള്ള ദീപത്തൂണിൽ കാർത്തികവിളക്കു കൊളുത്തണമെന്ന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്‌മെൻ്റ് നോട്ടീസ് നൽകാൻ ഇന്ത്യാ സഖ്യം എംപിമാർ ഒരുങ്ങുന്നു. തമിഴ്നാട്ടിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് എം പി മാർ നിവേദനത്തിൽ ഒപ്പിട്ടിട്ടതായി സ്രോതസുകൾ വെളിപ്പെടുത്തി. പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ 100 എം പി മാരുടെ പിന്തുണ എളുപ്പത്തിൽ നേടാൻ കഴിയുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. ഡി എം കെ യുടെ നേതൃത്വത്തിലുള്ള ഈ നീക്കത്തെ സഖ്യത്തിലെ ഭൂരിപക്ഷം പാർട്ടികളും പിന്തുണയ്ക്കാൻ സാധ്യതയുണ്ട്.
പ്രതിപക്ഷ സഖ്യത്തിലെ എല്ലാ എം പി മാരുമായും ഡി എം കെ എം പി മാർ ബന്ധപ്പെടുന്നുണ്ട്. ലോക്സഭയിലെ തങ്ങളുടെ ഈ നീക്കത്തിന് എല്ലാ പാർട്ടികളുടെയും പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവർ. ഒപ്പുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ മാത്രമേ പിന്തുണയ്ക്കുന്ന എം പി മാരുടെ എണ്ണം കൃത്യമായി പറയാൻ കഴിയൂവെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ദീപം തെളിയിക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപ മണ്ഡപത്തിന് പകരം ദർഗയ്ക്ക് അടുത്തുള്ള മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന് ഡിസംബർ ഒന്നിന് ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടിരുന്നു. എങ്കിലും, ഡിസംബർ 3 ന് വൈകുന്നേരം 6 മണിക്ക് പതിവ് പോലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ തന്നെ എച്ച് ആർ & സി ഇ ഉദ്യോഗസ്ഥർ ദീപം തെളിയിച്ചു. ഇത് കോടതിയലക്ഷ്യത്തിന് വഴിയൊരുക്കി. തൻ്റെ ഉത്തരവ് ലംഘിച്ചതിന് ഡി എം കെ സർക്കാരിനെ ജസ്റ്റിസ് സ്വാമിനാഥൻ വിമർശിച്ചു. മാത്രമല്ല, ദീപം തെളിയിക്കാൻ സഹായിക്കുന്നതിനായി ഹർജിക്കാരനോടൊപ്പം 10 പേരെ മലയിലേക്ക് കൊണ്ടുപോകാൻ ഹൈക്കോടതി പരിസരത്ത് കാവൽ നിൽക്കുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ ഈ നീക്കം അനുവദിച്ചില്ല. ഇതോടെ കോടതി ഉത്തരവ് പ്രകാരം ദീപം തെളിയിക്കാനായില്ല. ജസ്റ്റിസ് സ്വാമിനാഥൻ്റെ ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ഡിസംബർ 4 ന് സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ച് ഈ ഉത്തരവ് ശരിവെക്കുകയും ചെയ്തു.
വിവിധ വിധിന്യായങ്ങളുടെ പേരിൽ കുറച്ചുകാലമായി ജസ്റ്റിസ് സ്വാമിനാഥൻ പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് ഇരയാവുന്നുണ്ട്. യൂട്യൂബർ സവുക്കു ശങ്കറിനും അഭിഭാഷകൻ വഞ്ചിനാഥനുമെതിരെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചതിൻ്റെ പേരിലും ജഡ്ജി വിമർശിക്കപ്പെട്ടിരുന്നു.
ഇംപീച്ച്മെൻ്റ് നിവേദനം അംഗീകരിക്കപ്പെട്ടാൽ, അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിക്കും. അന്വേഷണത്തിന് ശേഷം ഇരുസഭകളും പ്രത്യേക ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണം. ഇന്ത്യയിൽ ഇതുവരെ ഒരു ജഡ്ജിയെയും വിജയകരമായി ഇംപീച്ച് ചെയ്തിട്ടില്ല.




