Connect with us

National

വിവാദ പ്രസ്താവന; നവജ്യോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്സ്

'500 കോടി രൂപയടങ്ങിയ സ്യൂട്ട്‌കേസ് കൊടുക്കാന്‍ കഴിവുള്ളവര്‍ മുഖ്യമന്ത്രിയാകും' എന്ന കൗറിന്റെ പ്രസ്താവന രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി.

Published

|

Last Updated

ചണ്ഡീഗഡ് | നാടകീയമായ രാഷ്ട്രീയ നീക്കത്തില്‍, പഞ്ചാബ് മുന്‍ എം എല്‍ എ. ഡോ. നവജ്യോത് കൗര്‍ സിദ്ധുവിനെ കോണ്‍ഗ്രസ്സില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാറിംഗാണ് എക്‌സിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നവജ്യോത് കൗറിനെതിരെ നടപടി സ്വീകരിച്ചു കൊണ്ടുള്ള പാര്‍ട്ടിയുടെ കത്തും അദ്ദേഹം പുറത്തുവിട്ടു. മുന്‍ ക്രിക്കറ്ററും കോണ്‍ഗ്രസ്സ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യയാണ് നവജ്യോത് കൗര്‍ സിദ്ധു.

‘500 കോടി രൂപയടങ്ങിയ സ്യൂട്ട്‌കേസ് കൊടുക്കാന്‍ കഴിവുള്ളവര്‍ മുഖ്യമന്ത്രിയാകും’ എന്ന കൗറിന്റെ പ്രസ്താവന രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി. 2027ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ മാത്രമേ താന്‍ മത്സരിക്കാനുള്ളൂ എന്ന് കൗര്‍ പറഞ്ഞു. മുഖ്യമന്ത്രി പദവി വാങ്ങാനുള്ള 500 കോടി രൂപ കൈയിലില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നവജ്യോത് സിംഗ് സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചു കൊണ്ടാണ് കൗര്‍ വിവാദ പ്രസ്താവന നടത്തിയത്.

ബി ജെ പിയും എ എ പിയും മറ്റും രൂക്ഷമായ വിമര്‍ശനമാണ് പ്രസ്താവനക്കെതിരെ ഉയര്‍ത്തിയത്. കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിനെയാണോ അല്ല, രാഹുല്‍ ഗാന്ധിയെ പ്രത്യേകമായാണോ ‘500 കോടിയടങ്ങുന്ന സ്യൂട്ട്‌കേസി’ലൂടെ കൗര്‍ ഉദ്ദേശിച്ചതെന്ന് എ എ പി നേതാക്കള്‍ ചോദിച്ചു. കോണ്‍ഗ്രസ്സിനകത്ത് നടക്കുന്ന അഴിമതിയുടെ ഏറ്റുപറച്ചിലാണ് കൗറിന്റെ പ്രസ്താവന എന്നായിരുന്നു ബി ജെ പിയുടെ ആക്ഷേപം. 2027ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസ്സിന് കനത്ത പ്രഹരമാണ് പ്രസ്താവനയിലൂടെ ഉണ്ടായത്.