Connect with us

National

ഇൻഡിഗോ പ്രതിസന്ധിയിൽ; 'ആകാശം അതിരല്ലെന്ന്' ഓർമ്മിപ്പിച്ച് പൈലറ്റുമാരെ ക്ഷണിച്ച് എയർ ഇന്ത്യ

സാധാരണഗതിയിൽ പൈലറ്റുമാർ മാത്രം ശ്രദ്ധിക്കുന്ന ഈ പരസ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. എയർ ഇന്ത്യയുടെ പ്രധാന എതിരാളിയായ ഇൻഡിഗോ നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് ഇതിന് കാരണം.

Published

|

Last Updated

ന്യൂഡൽഹി | “ആകാശം അതിരല്ല, അതൊരു തുടക്കം മാത്രമാണ്”- ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ പുതിയ റിക്രൂട്ട്‌മെന്റ് പരസ്യത്തിലെ വാചകമാണിത്. എയർബസ് എ320, ബോയിംഗ് 737 വിമാനങ്ങൾക്കായി പൈലറ്റുമാരെ തേടുകയാണ് കമ്പനി. ഹ്രസ്വ, ഇടത്തരം ദൂര സർവീസുകൾക്കാണ് ഈ വിമാനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. 2021 ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നത്.

സാധാരണഗതിയിൽ പൈലറ്റുമാർ മാത്രം ശ്രദ്ധിക്കുന്ന ഈ പരസ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. എയർ ഇന്ത്യയുടെ പ്രധാന എതിരാളിയായ ഇൻഡിഗോ നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് ഇതിന് കാരണം.

കഴിഞ്ഞ ഒരാഴ്ചയായി പൈലറ്റുമാരുടെയും ക്രൂ അംഗങ്ങളുടെയും ക്ഷാമം മൂലം ഇൻഡിഗോയുടെ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അഥവാ ഡി ജി സി എ. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് അഥവാ എഫ് ഡി ടി എൽ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

View this post on Instagram

A post shared by Air India (@airindia)

ഇന്ത്യൻ വ്യോമയാന മേഖലയുടെ ഭാവി നിയന്ത്രിക്കാം എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് എയർ ഇന്ത്യ ഇൻസ്റ്റാഗ്രാമിൽ പരസ്യം നൽകിയിരിക്കുന്നത്. എ320 വിമാനങ്ങളിലേക്ക് പരിചയസമ്പന്നരായ ‘ടൈപ്പ് റേറ്റഡ്’ പൈലറ്റുമാരെയാണ് എയർ ഇന്ത്യ തേടുന്നത്. എന്നാൽ ബോയിംഗ് 737 വിമാനങ്ങളിലേക്ക് ‘ടൈപ്പ് റേറ്റഡ്’ ആയവരെയും അല്ലാത്തവരെയും പരിഗണിക്കുന്നുണ്ട്. ഒരു പ്രത്യേക തരം വിമാനത്തിൽ പരിശീലനം പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കേഷനാണ് ടൈപ്പ് റേറ്റിംഗ്. പരിചയസമ്പന്നരായ ബി737, എ320 പൈലറ്റുമാർക്ക് അപേക്ഷിക്കാം. ഡിസംബർ 22-നകം അപേക്ഷകൾ സമർപ്പിക്കാനാണ് നിർദ്ദേശം.

പുതിയ എഫ് ഡി ടി എൽ. ചട്ടങ്ങൾ പാലിച്ചുകൊണ്ട് സർവീസുകൾ ക്രമീകരിക്കാൻ ഇൻഡിഗോ പാടുപെടുമ്പോഴാണ് എയർ ഇന്ത്യയുടെ ഈ നീക്കം. വിമാനയാത്രകൾക്കിടയിൽ പൈലറ്റുമാർക്ക് മതിയായ വിശ്രമം ഉറപ്പാക്കുന്നതാണ് പുതിയ ചട്ടം. ഇത് ഇൻഡിഗോയുടെ സർവീസ് ഷെഡ്യൂളുകളെ കാര്യമായി ബാധിച്ചു. പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നുണ്ടെന്ന് ഇൻഡിഗോ അവകാശപ്പെടുന്നുണ്ടെങ്കിലും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുകയാണ്.

---- facebook comment plugin here -----

Latest