Kerala
വ്യക്തി അധിക്ഷേപങ്ങളിൽ നിന്നും വ്യാജ പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കണം: കാന്തപുരം
ജനാധിപത്യ പ്രക്രിയയുടെയും നമ്മുടെ നാടിന്റെ വളർച്ചയുടെയും ഭാഗമായി തിരഞ്ഞെടുപ്പിനെ കാണുമ്പോൾ തന്നെ വിശ്വാസവും മൂല്യങ്ങളും ധാർമിക ബോധവും കളഞ്ഞുപോവാതിരിക്കാനുള്ള ജാഗ്രത എല്ലാവർക്കും ഉണ്ടാവണമെന്നും കാന്തപുരം
കോഴിക്കോട് | തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകളിലൂടെയും മറ്റും വ്യാജ വാർത്തകളും വ്യക്തിയധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് ഏവരും വിട്ടു നിൽക്കണമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രാർഥനാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയുടെയും നമ്മുടെ നാടിന്റെ വളർച്ചയുടെയും ഭാഗമായി തിരഞ്ഞെടുപ്പിനെ കാണുമ്പോൾ തന്നെ വിശ്വാസവും മൂല്യങ്ങളും ധാർമിക ബോധവും കളഞ്ഞുപോവാതിരിക്കാനുള്ള ജാഗ്രത എല്ലാവർക്കും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഉസ്താദുൽ അസാതീദ് ഒ കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ, സമസ്ത വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന സി അബ്ദുറഹ്മാൻ മുസ്‌ലിയാർ നെടിയനാട്, മർകസിലെ പ്രഥമ മുദരിസും പണ്ഡിത-പ്രാസ്ഥാനിക നേതൃത്വവുമായിരുന്ന പാറന്നൂർ പിപി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ എന്നിവരെ അനുസ്മരിച്ച് അദ്ദേഹം സംസാരിച്ചു.
വിപിഎം സഖാഫി വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഹ്‌ളറത്തുൽ ബദ്‌രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, അബ്ദുസത്താർ കാമിൽ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, അബ്ദുൽ കരീം ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.




