National
വന്ദേ മാതരം: മുസ്‍ലിംകളെ പ്രകോപിപ്പിക്കുമെന്ന് പറഞ്ഞാണ് നെഹ്റു വന്ദേമാതരത്തെ എതിർത്തതെന്ന് പ്രധാനമന്ത്രി; ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ശ്രമമെന്ന് കോൺഗ്രസ്
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്സഭയിലെ പ്രത്യേക ചർച്ചയിലാണ് വാക്പോര് മുറുകിയത്.
ന്യൂഡൽഹി | ‘വന്ദേ മാതരം’ ദേശീയ ഗീതമാക്കിയതിൻ്റെ 150-ാം വാർഷികവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയിൽ ഭരണപ്രതിപക്ഷ വാക് പോര്. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയപ്പോൾ ശക്തമായ തിരിച്ചടി നൽകി കോൺഗ്രസ് പ്രതിരോധിച്ചു. മുസ്‍ലിംകളെ പ്രകോപിപ്പിക്കുമെന്ന് പറഞ്ഞാണ് നെഹ്റു വന്ദേമാതരത്തെ എതിർത്തതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. എന്നാൽ മോദിയുടേത് ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ശ്രമമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്സഭയിലെ പ്രത്യേക ചർച്ചയിലാണ് വാക്പോര് മുറുകിയത്.
50 വർഷം മുൻപ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുമായി ദേശീയഗീതത്തെ ബന്ധിപ്പിച്ചായിരുന്നു മോദിയുടെ വിമർശനം. വന്ദേ മാതര’ത്തെ എതിർക്കുന്നതിൽ മുഹമ്മദ് അലി ജിന്നയുടെ പാതയാണ് നെഹ്റു പിന്തുടർന്നതെന്നും, ‘മുസ്ലീങ്ങളെ പ്രകോപിപ്പിക്കും’ എന്ന് പറഞ്ഞാണ് നെഹ്റു അതിനെ എതിർത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശഭക്തി ഗാനത്തെ തിരുത്തുകയും അവഗണിക്കുകയും ചെയ്ത് കോൺഗ്രസ് സ്വാതന്ത്രസമര പോരാട്ടത്തിന്റെ ആത്മാവിനെ തന്നെ ഒറ്റിയെന്നും നരേന്ദ്രമോദി പറഞ്ഞു.
വന്ദേ മാതരം അതിൻ്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ, രാജ്യം അടിയന്തരാവസ്ഥയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. 100-ാം വാർഷികം ആഘോഷിക്കുമ്പോൾ ഭരണഘടനയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും മോദി പറഞ്ഞു. നമ്മൾ അടുത്തിടെ ഭരണഘടനയുടെ 75 വർഷം ആഘോഷിച്ചു. സർദാർ വല്ലഭായ് പട്ടേൽ, ബിർസ മുണ്ട എന്നിവരുടെ 150-ാം ജന്മവാർഷികം രാജ്യം ആഘോഷിച്ചു. ഗുരു തേഗ് ബഹദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ ദിനവും നമ്മൾ ആഘോഷിക്കുകയാണ്. ഇപ്പോൾ നമ്മൾ വന്ദേ മാതരത്തിന്റെ 150 വർഷം ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ കോൺഗ്രസ് ശക്തമായി തിരിച്ചടിച്ചു. മോദിയുടേത് ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ശ്രമമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. വന്ദേമാതരം ചർച്ചക്ക് രാഷ്ട്രീയ നിറം നൽകാനാണ് മോദി ശ്രമിച്ചതെന്നും കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയ് പറഞ്ഞു.
പ്രധാനമന്ത്രിക്ക് എന്തുവിഷയത്തിൽ, സംസാരിച്ചാലും കോൺഗ്രസിനെയും ജവഹർലാൽ നെഹ്രുവിനെയും വിമർശിക്കുന്നത് ശീലമായി മാറിയിരിക്കുന്നുവെന്നും ഗെഗോയ് പറഞ്ഞു.





