National
പാൻ മസാല നിർമ്മാണ യൂണിറ്റുകൾക്ക് സെസ്; ബിൽ പാർലമെൻ്റ് അംഗീകരിച്ചു
ദേശീയ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനുമുള്ള ചെലവുകൾക്കാണ് ഈ സെസ് തുക വിനിയോഗിക്കുക.
ന്യൂഡൽഹി | പാൻ മസാല നിർമ്മാണ യൂണിറ്റുകൾക്ക് സെസ് ചുമത്തുന്നതിനുള്ള ബിൽ തിങ്കളാഴ്ച പാർലമെൻ്റ് അംഗീകരിച്ചു. ദേശീയ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനുമുള്ള ചെലവുകൾക്കാണ് ഈ സെസ് തുക വിനിയോഗിക്കുക.
‘ആരോഗ്യ സുരക്ഷാ – ദേശീയ സുരക്ഷാ സെസ് ബിൽ, 2025’ രാജ്യസഭയിൽ ചർച്ച ചെയ്ത് ലോക്സഭയിലേക്ക് തിരികെ നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോക്സഭ ബിൽ പാസാക്കിയത്.
ജി എസ് ടി ക്ക് പുറമെയായിരിക്കും ഈ സെസ് ഈടാക്കുക. പാൻ മസാല നിർമ്മിക്കുന്ന ഫാക്ടറികളിലെ യന്ത്രങ്ങളുടെ ഉൽപ്പാദന ശേഷിയുടെ അടിസ്ഥാനത്തിലായിരിക്കും സെസ് ചുമത്തുക.
ബില്ലിൻ്മേലുള്ള ചർച്ചകൾക്ക് മറുപടി നൽകവെ, ദേശീയ സുരക്ഷയുടെയും ആരോഗ്യ സുരക്ഷയുടെയും ചെലവുകൾ വഹിക്കാൻ വേണ്ടിയാണ് സെസ് വഴി ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.




