Kerala
മദ്യലഹരിയില്‍ പതിനാലുകാരിയെയും മാതാവിനെയും മര്‍ദിച്ച കേസ്; പിതാവ് അറസ്റ്റില്‍
തിരുവനന്തപുരം അരങ്കമുകള്‍ സ്വദേശിയാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരം | മദ്യലഹരിയില്‍ പതിനാലുകാരിയെയും മാതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് അറസ്റ്റില്‍. തിരുവനന്തപുരം അരങ്കമുകള്‍ സ്വദേശിയാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഒമ്പതാം ക്ലാസുകാരിയായ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം വെളിച്ചത്തായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യലഹരിയില്‍ അച്ഛന്‍ സ്ഥിരം പൂട്ടിയിട്ട് മര്‍ദിക്കാറുണ്ടെന്ന് ഒമ്പതാം ക്ലാസുകാരിയായ കുട്ടി മൊഴി നല്‍കിയിരുന്നു. പിതാവ് മര്‍ദിക്കുന്നതിനെ കുറിച്ച് കുട്ടി ബന്ധുവിന് അയച്ച ഫോണ്‍ സന്ദേശവും പുറത്തുവന്നിരുന്നു.
ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികത്സയിലാണ്. സ്ഥിരമായി മദ്യപിക്കുന്ന പ്രതി മാതാവിനെയും മകളെയും മര്‍ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മര്‍ദനം ഭയന്ന് വീടിന് പുറത്തേക്കോടിയ പെണ്‍കുട്ടിയുടെ പിറകെ പിതാവും ഓടുകയായിരുന്നു.
പിന്നീട് തിരികെ വീട്ടിലെത്തിയയ കുട്ടി തറ വൃത്തിയാക്കുന്ന കീടനാശിനിയെടുത്ത് കഴിക്കുകയായിരുന്നു. അവശനിലയിലായ കുട്ടിയെ ആദ്യം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.





