Kerala
പെട്ടീ പെട്ടീ ബാലറ്റ് പെട്ടീ... പെട്ടി പൊട്ടിച്ചപ്പോള്‍...
ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മടക്കി പെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു വോട്ടെടുപ്പ് രീതി. വോട്ടെണ്ണല്‍ ദിവസം വരെ പെട്ടി പൂട്ടി സൂക്ഷിക്കുകയും തുടര്‍ന്ന് പൊട്ടിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യും.
ചാരുംമൂട് | ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വന്നതോടെ പഴയ ബാലറ്റ് പെട്ടികള്‍ കാണാമറയത്തായി. തപാല്‍ വോട്ടുകള്‍ക്കും ടെന്‍ണ്ടേര്‍ഡ് ബാലറ്റിനായും ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പഴയ ബാലറ്റ് പെട്ടികള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായി. ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മടക്കി പെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു വോട്ടെടുപ്പ് രീതി. വോട്ടെണ്ണല്‍ ദിവസം വരെ പെട്ടി പൂട്ടി സൂക്ഷിക്കുകയും തുടര്‍ന്ന് പൊട്ടിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യും. ആ കാലം ഇനി തിരികെ വരാന്‍ സാധ്യതയില്ല.
ഇന്ത്യയില്‍ ജനാധിപത്യ രീതിയില്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെയായിരുന്നു. അന്ന് അതിനായി 12 ലക്ഷത്തോളം ഉരുക്കു പെട്ടികളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിരുന്നത്. പിന്നീട് ഓരോ സംസ്ഥാനങ്ങള്‍ക്കുമായി പ്രത്യേകം പെട്ടികള്‍ നിര്‍മിച്ച് നല്‍കിയിരുന്നു.
ബാലറ്റ് പെട്ടികള്‍ തുറക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് മാത്രമാണ് അധികാരമുണ്ടായിരുന്നത്. പെട്ടി പൂട്ടി താക്കോല്‍ സൂക്ഷിക്കുന്നതും റിട്ടേണിംഗ് ഓഫീസറായിരുന്നു. 1999 മുതല്‍ ബാലറ്റ് മാറി ഇ വി എം മെഷീന്‍ വന്നെങ്കിലും 2005ല്‍ കേരളത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് വരെ നമ്മള്‍ ബാലറ്റ് പെട്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്.
2010ലെ തദ്ദേശ തിരഞ്ഞെടുപ്പ് മുതലാണ് പൂര്‍ണമായും വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ നശിപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ബാലറ്റ് പെട്ടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷിക്കുന്നുണ്ട്. സ്വകാര്യ ഇലക്്ഷനുകള്‍ക്ക് ഇത്തരം പെട്ടികള്‍ വാടകക്ക് നല്‍കുന്നുമുണ്ട്.
ചിഹ്നം മാറാതെ ഇത്രകാലം
ചാരുംമൂട് | 195152 കാലത്തെ ആദ്യ പാര്‍ലിമെന്റ്തിരഞ്ഞെടുപ്പ് മുതല്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പ് വരെ ചിഹ്നം മാറാത്ത രാജ്യത്തെ ഒരേയൊരു പാര്‍ട്ടിയാണ് സി പി ഐ. പാര്‍ലമെന്റ്്മുതല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ ഒരേ ചിഹ്നത്തില്‍ മത്സരിച്ച രാജ്യത്തെ ഏക പാര്‍ട്ടിയും സി പി ഐ തന്നെയാണ്. 1952ലെ ഒന്നാം തിരഞ്ഞെടുപ്പ് മുതല്‍ അരിവാളും ധാന്യക്കതിരുമാണ് സി പി ഐയുടെ തിരഞ്ഞെടുപ്പ് ചിഹ്നം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ധാന്യക്കതിരും അരിവാളും.
1964 വരെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നമായിരുന്ന അരിവാളും ധാന്യക്കതിരും പിളര്‍പ്പിന് ശേഷം സി പി ഐക്ക് ലഭിക്കുകയായിരുന്നു. 1964ന് ശേഷം ഇതുവരെ സി പി എമ്മും ഒരേ ചിഹ്നത്തില്‍ തന്നെയാണ് മത്സരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രമാണ് സി പി എമ്മിന്റെ ചിഹ്നം.
മറ്റൊരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ചിഹ്നം മൂന്ന് തവണയാണ് മാറിയത്. നെഹ്്‌റുവിന്റെ കാലത്ത് നുകമേന്തിയ കാളകളായിരുന്നു ആദ്യ ചിഹ്നം. 1969ല്‍ പശുവും കിടാവും ചിഹ്നമാക്കി. പിന്നീട് 1978 മുതലാണ് കൈപ്പത്തി ചിഹ്നം സ്വീകരിച്ചത്. ബി ജെ പിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ ചിഹ്നം ദീപമായിരുന്നു. പിന്നീട് ബി ജെ പി രൂപവത്കരിച്ച ശേഷം താമര ചിഹ്നം സ്വീകരിക്കുകയായിരുന്നു.
മായാതെ മായ്ക്കാതെ… മായാ മഷി
ചാരുംമൂട് | പെട്ടികള്‍ അപ്രത്യക്ഷമായെങ്കിലും മായാതെ തന്നെ നിലനില്‍ക്കുകയാണ് മഷി. വോട്ടര്‍മാരുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ നഖത്തോട് ചേര്‍ത്ത് പുരട്ടുന്ന മഷി മായിക്കാന്‍ പ്രയാസമാണ്. 1962 മുതലാണ് തിരഞ്ഞെടുപ്പില്‍ വിരലില്‍ മഷി ഉപയോഗിച്ച് തുടങ്ങുന്നത്. പൊതുമേഖലാ സ്ഥാപനമായ മൈസൂര്‍ പെയിന്റ്്ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് (എം പി വി എല്‍) എന്ന കമ്പനിയാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മഷി നിര്‍മിച്ചുനല്‍കുന്നത്. ആദ്യകാലങ്ങളില്‍ പാര്‍ലിമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് മഷി ഉപയോഗിച്ചിരുന്നത്. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പിലും ഉപയോഗിക്കാന്‍ തുടങ്ങി.
കൈയില്‍ പുരട്ടി 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മഷി ഉണങ്ങും. സില്‍വര്‍ നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാലാണ് വേഗം ഉണങ്ങിപ്പിടിക്കുന്നത്. ആഴ്ചകളോളം മായാതെ മഷി കൈയില്‍ നിലനില്‍ക്കും എന്നതാണിതിന്റെ പ്രത്യേകത. എന്നാല്‍, ഈ മഷി നിര്‍മാണത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിവരങ്ങള്‍ രഹസ്യമാണ്. ഇന്ത്യക്ക് പുറമേ 26ഓളം വിദേശ രാജ്യങ്ങളിലും എം പി വി എല്ലിന്റെ മഷി ഉപയോഗിക്കുന്നുണ്ട്. നീല നിറത്തിലുള്ള മഷിയാണെങ്കിലും സൂര്യപ്രകാശം പതിക്കുന്നതോടെ ഇത് കറുപ്പായി മാറുന്നു. അഞ്ച് മില്ലി ലിറ്റര്‍ മഷി 300 പേര്‍ക്ക് വരെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.





