Connect with us

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍: വെള്ളം കുടിപ്പിച്ച് പത്തിലേറേ ഡിവിഷനുകള്‍

ഭരണം ലഭിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നാണ് യു ഡി എഫ് നേതൃത്വം അവകാശപ്പെടുന്നതെങ്കില്‍ നേരിയ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന കണക്കുകൂട്ടലിലാണ് എല്‍ ഡി എഫ്. സീറ്റ് ഒന്നിലധികം ലഭിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ.

Published

|

Last Updated

കണ്ണൂര്‍ | കോര്‍പറേഷനില്‍ പത്തിലേറെ ഡിവിഷനുകളില്‍ വെള്ളം കുടിപ്പിച്ച് പോരാട്ടം. യു ഡി എഫ് ഭരിക്കുന്ന സംസ്ഥാനത്തെ ഏക കോര്‍പറേഷനായ കണ്ണൂരില്‍ എല്‍ ഡി എഫിനേക്കാള്‍ 16 സീറ്റിന്റെ ഭൂരിപക്ഷമുണ്ട്. 2015ല്‍ പ്രഥമ കോര്‍പറേഷന്‍ ഭരണസമിതി ഒരംഗത്തിന്റെ പിന്‍ബലത്തില്‍ എല്‍ ഡി എഫിനായിരുന്നു. ഇത്തവണ ഭരണം പിടിക്കാന്‍ ഇടതും നിലനിര്‍ത്താന്‍ യു ഡി എഫും കടുത്ത പോരാട്ടത്തിലാണ്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ ശക്തമായ പോരാട്ടം നടക്കുന്ന ഡിവിഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മുന്നണികള്‍. ഭരണം ലഭിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നാണ് യു ഡി എഫ് നേതൃത്വം അവകാശപ്പെടുന്നതെങ്കില്‍ നേരിയ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന കണക്കുകൂട്ടലിലാണ് എല്‍ ഡി എഫ്. സീറ്റ് ഒന്നിലധികം ലഭിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ.

സിറ്റിംഗ് സീറ്റുകളിലെ വിമത ശല്യം യു ഡി എഫിനെ കുഴക്കുന്നുണ്ട്. പത്തിലേറെ ഡിവിഷനുകളില്‍ പ്രവചനാതീതമാണ് മത്സരം. പയ്യാമ്പലം, പഞ്ഞിക്കയില്‍, ആദികടലായി, വാരം, പള്ളിപ്പൊയില്‍, ഉദയംകുന്ന്, കൊക്കേന്‍പാറ, വെത്തിലപ്പള്ളി, തുളിച്ചേരി, പള്ളിക്കുന്ന്, ടെമ്പിള്‍ എന്നിവിടങ്ങളിലാണ് പൊടിപാറിയ മത്സരം നടക്കുന്നത്. ഇതില്‍ ആദികടലായി, കൊക്കേന്‍പാറ, ഡിവിഷനുകള്‍ എല്‍ ഡി എഫിന്റേയും പള്ളിക്കുന്ന് ബി ജെ പിയുടെയും സിറ്റിംഗ് സീറ്റുകളാണ്. ബാക്കി സീറ്റുകളില്‍ യു ഡി എഫാണ്.

കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ഥിയെന്ന് കരുതുന്ന നിലവിലെ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിരയാണ് പയ്യാമ്പലത്ത് യു ഡി എഫ് സ്ഥാനാര്‍ഥി. അഡ്വ. വിമലകുമാരി എല്‍ ഡി എഫിന് വേണ്ടി മത്സരിക്കുന്ന ഇവിടെ മഹിളാ കോണ്‍ഗ്രസ്സ് ടൗണ്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ്സ് വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റുമായ കെ എന്‍ ബിന്ദു വിമതയായി മത്സരിക്കുന്നുണ്ട്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇല്ലാതിരുന്ന പി ഇന്ദിരയെ അവസാന നിമിഷമാണ് പയ്യാന്പലത്ത് പ്രഖ്യാപിച്ചത്. ഇതോടെ ആദ്യഘട്ടം മുതല്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ച ബിന്ദുവിനെ പ്രാദേശിക നേതാക്കള്‍ മത്സരരംഗത്തിറക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ റിജില്‍ മാക്കുറ്റി മത്സരിക്കുന്ന ആദികടലായിയില്‍ വിമത സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗിന്റെ എം മുഹമ്മദലിയാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തവണ സി പി ഐ ജയിച്ച സീറ്റാണിതെങ്കിലും ഇത്തവണ വാര്‍ഡ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു യു ഡി എഫ്. എന്നാല്‍, വിമതന്‍ കൂടി മത്സരരംഗത്തെത്തിയതോടെ കടുത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

ഡെപ്യൂട്ടി മേയര്‍ അഡ്വ.പി ഇന്ദിര 331 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഉദയംകുന്നില്‍ ഇത്തവണ ശക്തമായ മത്സരമാണ്. വാരത്ത് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്്‌കെ പി താഹിറാണ് യു ഡി എഫ് സ്ഥാനാര്‍ഥി. ഇവിടെ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് റിയാസ് അസ്അദി വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. കോണ്‍ഗ്രസ്സ് വിമത നേതാവ് പി കെ രാഗേഷ് മത്സരിക്കുന്ന പഞ്ഞിക്കയില്‍ വാര്‍ഡിലും പ്രവചനാതീതമാണ് മത്സരം.

നിലവില്‍ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റായ പള്ളിക്കുന്നിലും ഇത്തവണ ശക്തമായ മത്സരമാണ്. കോണ്‍ഗ്രസ്സിന് സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കോണ്‍ഗ്രസ്സ് മുന്‍ നേതാവും നഗരസഭാ കൗണ്‍സിലറുമായിരുന്ന ടി സി താഹ എല്‍ ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിലൂടെ ശ്രദ്ധേയമായ പള്ളിപ്പൊയിലില്‍ മത്സരം കടുക്കും. ഇവിടെ എം റഫീഖാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി.

യു ഡി എഫ് സ്വാധീന കേന്ദ്രമായ വെത്തിലപ്പള്ളി ഡിവിഷനിലും തുളിച്ചേരിയിലും ഇത്തവണ ശക്തമായ മത്സരമാണ്. ബി ജെ പി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ടെമ്പിള്‍ ഡിവിഷന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യു ഡി എഫ്. കഴിഞ്ഞ തവണ എല്‍ ഡി എഫ് വിജയിച്ച കൊക്കേന്‍പാറ ഡിവിഷനില്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.

 

---- facebook comment plugin here -----

Latest