Kerala
ജമാഅത്തെ ഇസ്‌ലാമി നിലപാടില്‍ മലക്കംമറിഞ്ഞ് എം കെ മുനീര്‍
നാടിന്റെ പുരോഗതിക്ക് ആരെങ്കിലും എല്‍ ഡി എഫിനെ പിന്തുണച്ചാല്‍ അത് അമ്പലപ്പുഴ പാല്‍പ്പായസവും ആരെങ്കിലും യു ഡി എഫിനെ പിന്തുണച്ചാല്‍ അത് പാവക്കാ നീരും ആകുന്നതെങ്ങനെ' എന്നായിരുന്നു മുനീറിന്റെ ചോദ്യം.
കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിയോടുള്ള നിലപാടില്‍ മലക്കംമറിഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ എം എല്‍ എ. ജമാഅത്തെ ഇസ്‌ലാമിയുമായി മുസ്‌ലിം ലീഗിന് ഒത്തുപോകാന്‍ കഴിയില്ലെന്നും അവരുടെ ഐഡിയോളജി ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും രണ്ട് ദിവസം മുമ്പ് പറഞ്ഞ എം കെ മുനീര്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജമാഅത്തെ ഇസ്‌ലാമി ബന്ധത്തെ ന്യായീകരിച്ചാണ് രംഗത്തെത്തിയത്.
മുസ്‌ലിം ലീഗില്‍ ജമാഅത്തെ ഇസ്‌ലാമിയെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാവാണ് എം കെ മുനീര്‍. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലും ഈ പതിവ് തുടര്‍ന്നെങ്കിലും ഇന്നലെ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ മുനീര്‍ നിലപാട് മാറ്റുകയായിരുന്നു.
യു ഡി എഫിന്റെ ജമാഅത്ത് ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തെ മറ്റ് നേതാക്കള്‍ ന്യായീകരിക്കുന്ന അതേരീതിയില്‍ തന്നെയാണ് മുനീറും പ്രതിരോധിച്ചത്. ‘ജമാഅത്തെ ഇസ്‌ലാമിയുമായി യു ഡി എഫ് ബന്ധം സ്ഥാപിച്ചുവെന്നാണ് മുഖ്യമന്ത്രിയും എല്‍ ഡി എഫ് നേതാക്കളും പറയുന്നത്. ഒരു കാലത്ത് ജമാഅത്തെ ഇസ്‌ലാമിയെ കൂടെ നിര്‍ത്തിയ കാര്യം അവര്‍ ബോധപൂര്‍വം മറക്കുകയാണ്. നാടിന്റെ പുരോഗതിക്ക് ആരെങ്കിലും എല്‍ ഡി എഫിനെ പിന്തുണച്ചാല്‍ അത് അമ്പലപ്പുഴ പാല്‍പ്പായസവും ആരെങ്കിലും യു ഡി എഫിനെ പിന്തുണച്ചാല്‍ അത് പാവക്കാ നീരും ആകുന്നതെങ്ങനെ’ എന്നായിരുന്നു മുനീറിന്റെ ചോദ്യം.
എല്‍ ഡി എഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ തെളിവ് സഹിതം ന്യായീകരിക്കാന്‍ 2015ല്‍ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ മത്സരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററും മുനീര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.





