Connect with us

Kuwait

ബേങ്ക് വായ്പ: ദീര്‍ഘകാലമായി തിരച്ചടവ് മുടങ്ങിയ പ്രവാസികള്‍ക്ക് കുവൈത്ത് വിമാനത്താവളത്തില്‍ പിടിവീഴും

കടബാധ്യതകളുമായി ബന്ധപ്പെട്ട കേസുകളില്‍ പെട്ടവര്‍ക്ക് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള പുതിയ നീക്കവും നടന്നുവരുന്നതായാണ് റിപോര്‍ട്ട്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ ബേങ്കുകളില്‍ നിന്നും വായ്പയെടുത്ത് നാട്ടില്‍ കഴിയുകയും ദീര്‍ഘകാലം തിരിച്ചടവ് മുടങ്ങുകയും ചെയ്താല്‍ തിരിച്ചു കുവൈത്ത് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ പിടിയിലാകും. കടബാധ്യതകളുമായി ബന്ധപ്പെട്ട കേസുകളില്‍ പെട്ടവര്‍ക്ക് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള പുതിയ നീക്കവും നടന്നുവരുന്നതായാണ് റിപോര്‍ട്ട്. ദീര്‍ഘകാലം വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരെ ബേങ്കുകള്‍ നടപടി ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപോര്‍ട്ട് ചെയ്തു.

വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തി രാജ്യത്തിന് പുറത്ത് കഴിയുന്നവരും കുവൈത്തില്‍ കഴിയുന്നവരും സുരക്ഷാ പരിശോധനയില്‍ പിടിയിലാകും. കടബാധ്യതയുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് വാറണ്ട് നേരിടുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പട്രോള്‍ വാഹനങ്ങളില്‍ ഈയടുത്ത് പ്രത്യേക സംവിധാനം സജ്ജീകരിച്ചിരുന്നു. ഇതിനു പുറമേ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും അധികൃതര്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിയമലംഘനങ്ങള്‍ നടത്തി കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം ഏകദേശം 3,66,610 ആയി എന്നാണ് കഴിഞ്ഞാഴ്ച അവസാനം രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരമുള്ള റിപോര്‍ട്ട് വ്യക്തമാക്കുന്നത്. നിയമലംഘകരെ കണ്ടെത്തുന്നതിനും പൊതുസുരക്ഷ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ഗവര്‍ണറേറ്റുകളിലും രാജ്യവ്യാപക സുരക്ഷാ ക്യാമ്പയിനുകളുടെ തീവ്രമായ വേഗതയാണ് ഇത്തരത്തില്‍ നാടുകടത്തപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.

നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും ഏഷ്യന്‍ പൗരന്മാരാണെന്ന് ഒരു സുരക്ഷാ വക്താവ് വ്യക്തമാക്കി. മിക്ക കേസുകളിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് പുറമേ താമസ, തൊഴില്‍ നിയമങ്ങളുടെ ലംഘനവും കണ്ടെത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. പല സാഹചര്യങ്ങളിലും ആഭ്യന്തര മന്ത്രാലയം തടവിനു പകരം നാടുകടത്തലിനെ അനുകൂലിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

നിയമലംഘകരെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഒന്നിലധികം സുരക്ഷ, ഭരണ സ്ഥാപനങ്ങള്‍ അവയുടെ സംയുക്ത പരിശോധനാ ക്യാമ്പയിനുകളും ഫീല്‍ഡ് വര്‍ക്കുകളും ശക്തമാക്കിയിട്ടുണ്ട്. നിയമപരമായ ആവശ്യകതകള്‍ക്ക് അനുസൃതമായി എല്ലാ നാടുകടത്തല്‍ നടപടിക്രമങ്ങളും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും നാടുകടത്തല്‍ ഉത്തരവുകളുടെ യഥാര്‍ഥ നിര്‍വഹണം സാധാരണമായി പത്ത് ദിവസത്തിനുള്ളില്‍ നടക്കുമെന്നും ഇത് പ്രക്രിയയുടെ കാര്യക്ഷമതയും വേഗതയും പ്രതിഫലിപ്പിക്കാന്‍ സഹായിക്കുമെന്നും വക്താവ് പറഞ്ഞു.

---- facebook comment plugin here -----

Latest