Kerala
താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവം;കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പോലീസ്
രാസ പരിശോധനാ ഫലം വൈകുന്നതാണ് കാരണം.

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതി സനൂപിന്റെ മകള്‍ അനയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പോലീസ്. രാസ പരിശോധനാ ഫലം വൈകുന്നതാണ് കാരണമെന്ന് താമരശ്ശേരി ഡിവൈഎസ്പി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കി മരണ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ എന്നും പോലീസ് പറഞ്ഞു.
അനയയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ല എന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്നു താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കുട്ടി മരിക്കാന്‍ കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ആണെന്ന് കണ്ടെത്തിയില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞതെന്ന് സനൂപിന്റെ ഭാര്യ ഇന്നലെ പറഞ്ഞിരുന്നു.
അനയയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനെ സനൂപ് ഇന്നലെ വെട്ടിയത്. മകളെ കൊന്നില്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. രണ്ട് മക്കളുമായാണ് സനൂപ് ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യം വെച്ചാണ് വന്നത്.കുട്ടികളെ പുറത്ത് നിര്‍ത്തിയാണ് സൂപ്രണ്ടിന്റെ റൂമിലെത്തിയത്. ഈ സമയം സൂപ്രണ്ട് മുറിയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഇയാള്‍ ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. ഡോക്ടര്‍ വിപിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിപിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.