National
അഴിമതി വിരുദ്ധ ഓംബുഡ്‌സ്‌മാനായ ലോകായുക്തക്ക് 70 ലക്ഷം രൂപ വിലയുള്ള ഏഴ് ബിഎംഡബ്ല്യൂ കാറുകൾ വാങ്ങാൻ ടെണ്ടർ
അഴിമതി വിരുദ്ധ ഏജൻസിക്ക് ആഡംബര കാറുകൾ വാങ്ങാനുള്ള ഈ നീക്കം വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചു

ന്യൂഡൽഹി | രാജ്യത്തെ അഴിമതി വിരുദ്ധ ഓംബുഡ്‌സ്‌മാനായ ലോകായുക്ത ചെയർപേഴ്സണും മറ്റ് ഏഴ് അംഗങ്ങൾക്കുമായി ആഢംബര ബി എം ഡബ്ല്യു സെഡാനുകൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. ഓരോ കാറിനും 70 ലക്ഷം രൂപയാണ് വില. സുപ്രീംകോടതി മുൻ ജഡ്ജി അജയ് മാണിക്കറാവു ഖാൻവിൽക്കർ ആണ് ലോകായുക്തയുടെ ഇപ്പോഴത്തെ ചെയർപേഴ്സൺ.
ഏഴ് ബി എം ഡബ്ല്യു 3 സീരീസ് എൽ ഐ (BMW 3 Series Li) കാറുകൾ വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഒക്ടോബർ 16 നാണ് ലോകായുക്ത പുറത്തിറക്കിയത്. കാറുകളുടെ ഇലക്ട്രോണിക് സിസ്റ്റങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് ലോകായുക്തയുടെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ബി എം ഡബ്ല്യു ഏഴ് ദിവസത്തെ പരിശീലനം നൽകുമെന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഴിമതി വിരുദ്ധ ഏജൻസിക്ക് ആഡംബര കാറുകൾ വാങ്ങാനുള്ള ഈ നീക്കം വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ലോകായുക്തയുടെ തീരുമാനത്തിനെതിരെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അഴിമതിയിൽ ശ്രദ്ധിക്കാത്തവരും സ്വന്തം സുഖസൗകര്യങ്ങളിൽ സന്തോഷിക്കുന്നവരുമായ ആളുകളെ നിയമിച്ചുകൊണ്ട് സർക്കാർ ലോകായുക്തയെ തകർത്തു എന്നാണ് പ്രശാന്ത് ഭൂഷൺ ആരോപിച്ചത്.
കോൺഗ്രസിന്റെ യുവജന വിഭാഗവും ഈ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തി. ഒരുകാലത്ത് ഉത്തരവാദിത്തത്തിന്റെ പ്രതീകമായിരുന്ന ലോകായുക്ത എന്ന സ്ഥാപനം ഇന്ന് തകർന്നിരിക്കുന്നു… പ്രധാനപ്പെട്ട നിയമനങ്ങൾ പോലും നടത്താത്ത ഒരു സ്ഥാപനത്തിന് വേണ്ടി എന്തിനാണ് സർക്കാർ ആഢംബര വിദേശ കാറുകൾ വാങ്ങുന്നത്?- യൂത്ത് കോൺഗ്രസ് ചോദിച്ചു.
മറ്റ് എക്സ് ഉപയോക്താക്കളും ലോകായുക്തയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു. 70 ലക്ഷം രൂപയുടെ കാർ വാങ്ങുന്ന ഇവർക്ക് 12 കോടി രൂപയുടെ റോൾസ് റോയ്സ് പോലും വാങ്ങാമായിരുന്നു എന്നും എന്നാൽ അവർ അത് ചെയ്യാത്തത് ലളിത ജീവിതം ഇഷ്ടപ്പെടുന്നതുകൊണ്ടാണ് എന്നും ഒരാൾ പരിഹസിച്ചു. അതുകൊണ്ടാണ് അവർ ബി എം ഡബ്ല്യു തിരഞ്ഞെടുത്തതെന്നും വിമർശകൻ കൂട്ടിച്ചേർത്തു.