Kerala
പിഎം ശ്രീ പദ്ധതി എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും; ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും എംഎ ബേബി
സിപിഐയെ അവഗണിക്കുന്ന ഒരു സമീപനം അഖിലേന്ത്യാതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാകില്ലെന്നും എംഎ ബേബി

തിരുവനന്തപുരം | ദേശീയ വിദ്യാഭ്യാസ നയം ഒരു കാരണവശാലം കേരളം അംഗീകരിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. അതേ സമയം കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച നടത്തും. സംസ്ഥാന ഘടകമെടുക്കുന്ന തീരുമാനത്തില്‍ ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടല്‍ നടത്തുമെന്നും എം എ ബേബി പറഞ്ഞു
ഏറെ സാമ്പത്തിക ഞെരുക്കം നേരിടുന്ന കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനമാകുന്ന വിധത്തില്‍ കേന്ദ്രഫണ്ട് എങ്ങിനെയാണ് വിനിയോഗിക്കാന്‍ കഴിയുക എന്നുള്ളത് പരിശോധിക്കുകയെന്നാണ് ഇതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചത്. സിപിഐ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി ഈ വിഷയം ചര്‍ച്ച ചെയ്യും. സിപിഐയെ അവഗണിക്കുന്ന ഒരു സമീപനം അഖിലേന്ത്യാതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാകില്ലെന്നും എംഎ ബേബി പറഞ്ഞു
പിഎം ശ്രീക്കെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫോ മന്ത്രിസഭയോ ചര്‍ച്ച ചെയ്യാത്ത വിഷയം സ്വന്തംനിലയ്ക്കു നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പു തീരുമാനിക്കുകയാണെന്നാണ് സിപിഐയുടെ ആരോപണം. പിഎം ശ്രീയുടെ ഭാഗമായാല്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു