Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി; എസ്‌ഐടി അന്വേഷണ പുരോഗതി അറിയിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ കേസെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു

Published

|

Last Updated

കൊച്ചി |  ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. സ്വര്‍ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം ഗൂഢാലോചന നടന്നതായിട്ടുള്ള എസ്ഐടിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നിര്‍ദേശം. കേസ് നവംബര്‍ 15 ന് വീണ്ടും പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ കേസെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. നിലവിലെ കേസിലെ കക്ഷികളെ പുതിയ കേസില്‍ ഒഴിവാക്കും. ശബരിമല ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപാളി കോടതിയുടെ അനുമതിയില്ലാതെ അഴിച്ചുമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് ഹൈക്കോടതി ആദ്യം കേസെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിവാകുന്നത്.

ആദ്യത്തെ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവര്‍ കക്ഷികളാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കക്ഷികള്‍ക്ക് കൈമാറേണ്ട സാഹചര്യം ഒഴിവാക്കാനാണ് പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി തീരുമാനിച്ചതെന്നാണ് അറിയുന്നത്. പുതിയ കേസില്‍ സര്‍ക്കാര്‍, വിജിലന്‍സ്, ദേവസ്വം ബോര്‍ഡ് എന്നിവ മാത്രം കക്ഷികളാകുമെന്നാണ് റിപ്പോര്‍ട്ട്.

അടച്ചിട്ട മുറിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിച്ചത്. എസ്പി എസ് ശശിധരന്‍ കോടതിയില്‍ നേരിട്ടെത്തിയാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിശദീകരിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനകത്തെ അന്വേഷണ പുരോഗതിയാണ് എസ്ഐടി കോടതിയെ അറിയിച്ചത്. കേസ് അന്വേഷിച്ചിരുന്ന ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസറും എസ്പിയുമായ സുനില്‍കുമാറും ഇന്നു ഹൈക്കോടതിയില്‍ ഹാജരായിരുന്നു.

---- facebook comment plugin here -----

Latest