Connect with us

Kerala

മൂന്നാമത്തെ ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍

.ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്.

Published

|

Last Updated

പത്തനംതിട്ട  |മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍. രാത്രി 12.30ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് രാഹുലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും

ഇതോടെ രാഹുലിനെതിരെ മൂന്നു കേസുകള്‍ ആയി. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി ജനുവരി 21വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് രാഹുല്‍ തന്നോട് നിര്‍ബന്ധിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. പത്തനംതിട്ട സ്വദേശിനിയാണ് പരാതിക്കാരിയെന്നാണ് അറിയുന്നത്.

ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും വനിത പോലീസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് വാഹനങ്ങളിലായാണ് പോലീസ് സംഘം ഹോട്ടലിലെത്തിയത്.

പാലക്കാട്ടെ ഫ്‌ലാറ്റ് ഒഴിഞ്ഞ ശേഷം രാഹുല്‍ കെപിഎം ഹോട്ടലിലായിരുന്നു താമസം. ഹോട്ടലിലെത്തിയ പോലീസ് സംഘം റിസപ്ഷനിലുള്ളവരുടെ ഫോണുകള്‍ പിടിച്ചെടുത്ത ശേഷമാണ് രാഹുല്‍ താമസിച്ചിരുന്ന മുറിയിലേക്ക് പോയത്.ഈ സമയം പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാഹുലിനൊപ്പമുണ്ടായിരുന്നില്ല. ആദ്യം മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ തയാറാകാതിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് പോലീസിന് വഴങ്ങുകയായിരുന്നു. അഭിഭാഷകനെ കാണാന്‍ സമയം അനുവദിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് അതിന് സമ്മതിച്ചിരുന്നില്ല

 

 

---- facebook comment plugin here -----