Kuwait
അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്രിമം നടത്തി; മൂന്ന് ഉദ്യോഗസ്ഥന്മാര്‍ അറസ്റ്റില്‍
ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി രണ്ട് വനിതാ പൗരന്മാര്‍ക്ക് വ്യാജ എന്‍ട്രി എക്‌സിറ്റ് രേഖപ്പെടുത്തി എന്നാണ് കേസ്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ യാത്രക്കാരുടെ പ്രവേശനവും പുറപ്പെടലും രേഖപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്രിമം നടത്തിയ മൂന്ന് സിവിലിയന്‍ ജീവനക്കാര്‍ അറസ്റ്റില്‍. ലാന്‍ഡ് പോര്‍ട്ട് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
നുവൈസീബ്, സാല്‍മി തുറമുഖങ്ങളിലെ പാസ്‌പോര്‍ട്ട് വകുപ്പുകളിലെ മൂന്ന് ജീവനക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി രണ്ട് വനിതാ പൗരന്മാര്‍ക്ക് വ്യാജ എന്‍ട്രി എക്‌സിറ്റ് രേഖപ്പെടുത്തി എന്നാണ് കേസ്. ഈ സ്ത്രീകള്‍ മാസങ്ങള്‍ക്ക് മുമ്പ് രാജ്യം വിട്ടിരുന്നു. എന്നാല്‍, ഇവര്‍ രാജ്യത്ത് തിരിച്ചെത്തിയതായി ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ രേഖപ്പെടുത്തുകയായിരുന്നു.
തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിച്ചത്. സഊദി അറേബ്യന്‍ അധികാരികളില്‍ നിന്നും ലഭിച്ച ഇവരുടെ കൃത്യമായ എന്‍ട്രി എക്‌സിറ്റ് വിവരങ്ങളാണ് തട്ടിപ്പ് പുറത്താകാന്‍ കാരണമായത്.





