Kuwait
കുവൈത്ത് തൊഴില്‍ വിപണി; ഏഷ്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ 8,92,000ത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് കുവൈത്ത് വിപണിയില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41,000 ഇന്ത്യന്‍ തൊഴിലാളികളാണ് വര്‍ധിച്ചിരിക്കുന്നത്.

കുവൈത്ത് സിറ്റി | കുവൈത്ത് തൊഴില്‍ വിപണിയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുകയും ഈജിപ്ഷ്യന്‍ തൊഴിലാളികളുടെ എണ്ണം കുറയുകയും ചെയ്തതായി റിപോര്‍ട്ട്. രാജ്യത്തെ തൊഴില്‍ വിപണിയില്‍ ഇന്ത്യക്കാരുടെ ആധിപത്യം തുടരുന്നതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ 8,92,000ത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് കുവൈത്ത് വിപണിയില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41,000 ഇന്ത്യന്‍ തൊഴിലാളികളാണ് വര്‍ധിച്ചിരിക്കുന്നത്.
ഈ കാലയളവില്‍ ഈജിപ്ഷ്യന്‍ തൊഴിലാളികളുടെ എണ്ണം 4,72,000 ആയി കുറഞ്ഞു എന്നും റിപോര്‍ട്ടില്‍ പറയുന്നു. 2024 ജൂണ്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം 88,000 വര്‍ധിച്ചുവെങ്കിലും ഈജിപ്ഷ്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടാവുകയാണ് ചെയ്തത്.
91,000 വിദേശ തൊഴിലാളികളാണ് ഈ കാലയളവില്‍ പുതിയതായി കുവൈത്തില്‍ എത്തിയത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവരായ തൊഴിലാളികളുടെ ശതമാനം 16.02ല്‍ നിന്ന് 13.5 ശതമാനമായി കുറഞ്ഞു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം എന്നും റിപോര്‍ട്ടില്‍ പറയുന്നു.