From the print
കേന്ദ്ര വഖ്ഫ് പോര്‍ട്ടല്‍: സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 11 വഖ്ഫുകള്‍ മാത്രം
സമയപരിധി ഉടന്‍ അവസാനിച്ചേക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല.

കോഴിക്കോട് | പുതിയ കേന്ദ്ര വഖ്ഫ് നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വന്ന വഖ്ഫ് പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ചെയ്യാനുള്ള സമയ പരിധി ഉടന്‍ അവസാനിക്കും. ജൂണ്‍ ആറിന് ലോഞ്ച് ചെയ്ത ഉമീദ് (ഏകീകൃത വഖ്ഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസനം) പോര്‍ട്ടലിലാണ് വഖ്ഫ് സ്വത്തുക്കളുടെ സ്ഥിതി വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.
നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്വത്തുക്കള്‍ തര്‍ക്കവിഷയമായി കണക്കാക്കുകയും വഖ്ഫ് ട്രൈബ്യൂണലുകള്‍ക്ക് റഫര്‍ ചെയ്യുകയും ചെയ്യും. എന്നാല്‍, 11 വഖ്ഫുകള്‍ മാത്രമാണ് ഇതുവരെ സംസ്ഥാനത്ത് നിന്ന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം. 13,000ത്തോളം വഖ്ഫ് സ്വത്തുക്കളാണ് കേരളത്തിലുള്ളത്.
വഖ്ഫ് ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടല്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം അവതരിപ്പിച്ചത്. വഖ്ഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്‍, വരുമാനം, ചെലവ് തുടങ്ങിയ എല്ലാ വിശദാംശങ്ങളും പോര്‍ട്ടലില്‍ രേഖപ്പെടുത്തണം.
വഖ്ഫില്‍ നേരത്തേ മാന്വലായി രജിസ്റ്റര്‍ ചെയ്തവര്‍ അവസാന വര്‍ഷത്തെ കണക്ക് ഉടന്‍ വഖ്ഫ് ബോര്‍ഡിന് നല്‍കുകയും അവ പുതിയ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും വേണം. തര്‍ക്കഭൂമിയാണെങ്കില്‍ അതിന്റെ വിശദാംശങ്ങളും നല്‍കണം.
ലക്ഷ്യം സുതാര്യത
വഖ്ഫ് വസ്തുക്കളുടെ വിവരങ്ങള്‍ സുതാര്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പോര്‍ട്ടല്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. വഖ്ഫ് ആധാരം, നികുതി ശീട്ട്, തണ്ടപ്പേര്, നിലവില്‍ വഖ്ഫ് ചെയ്ത രേഖകള്‍, സെക്രട്ടറിയുടെ ഫോട്ടോ, തദ്ദേശ വാര്‍ഡ് നമ്പര്‍, കെട്ടിട നമ്പര്‍, വില്ലേജ്, ഭൂമിയുടെ അളവ്, അതിരുകള്‍, വഖ്ഫില്‍ അവസാനമായി കൊടുത്ത കണക്ക് തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്.
നിലവില്‍ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത വസ്തുവിനും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവക്കും തര്‍ക്ക ഭൂമികള്‍ക്കും പോര്‍ട്ടലില്‍ പ്രത്യേകം രജിസ്ട്രേഷന്‍ സംവിധാനമുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന ഫോണ്‍ നമ്പറിലേക്ക് വരുന്ന ഒ ടി പി മുഖേനയാണ് തുടര്‍ന്നുള്ള എന്‍ട്രികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുക. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ 17 അക്ക ഏകീകൃത ഐ ഡി നമ്പര്‍ ലഭിക്കും.
പുതിയ വഖ്ഫ് രജിസ്ട്രേഷന്‍ ഇനി മുതല്‍ ജില്ലാ കലക്ടര്‍മാര്‍ മുഖേന മാത്രമേ നടക്കുകയുള്ളൂ. ഉമീദ് പോര്‍ട്ടലില്‍ ലഭിക്കുന്ന അപേക്ഷകള്‍ കലക്ടര്‍മാര്‍ക്ക് കൈമാറണമെന്നാണ് വ്യവസ്ഥ.
ഉമീദ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് വഖ്ഫ് ബോര്‍ഡ് ഉടന്‍ പ്രത്യേകം ഹെല്‍പ്പ്ഡെസ്‌കുകള്‍ ആരംഭിക്കുമെന്നാണ് വിവരം. ഡിവിഷന്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഈ സംവിധാനമുണ്ടാകും.
ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി എന്ന് അവസാനിക്കുമെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തില്‍ അതത് മഹല്ല് കമ്മിറ്റികളും വഖ്ഫ് കൈകാര്യം ചെയ്യുന്നവരും വെബ്സൈറ്റില്‍ പ്രവേശിച്ച് എത്രയും പെട്ടെന്ന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത് നന്നാകും. വെബ്‌സൈറ്റ്: https://umeed.minorityaffairs.gov.in/