Connect with us

shashi tharoor and congress

തരൂരൊരു ബലൂണോ?

തരൂര്‍ പ്രതീക്ഷിക്കാത്ത വിധത്തിലേക്ക് വളര്‍ന്ന അദ്ദേഹത്തിന്റെ മലബാര്‍ പര്യടനം കോണ്‍ഗ്രസ്സിന്റെ കേരള ഘടകത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും കേരളത്തെ മുന്നോട്ടു നയിക്കുന്ന രാഷ്ട്രീയത്തിലും പ്രധാനമാണ്.

Published

|

Last Updated

ന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സി (ഇന്ദിര)ന്റെ കേരള ഘടകത്തിന് ഇത് നവോന്മേഷത്തിന്റെ കാലമാണ്. അഞ്ചാണ്ട് കൂടുമ്പോള്‍ ഭരണം മാറുന്ന പതിവില്‍ അഭിരമിച്ച്, ഭരണ നയങ്ങളില്‍ ദര്‍ശിച്ച വൈകല്യങ്ങള്‍ക്കെതിരായ സമരം വാര്‍ത്താ സമ്മേളനങ്ങളില്‍ ഒതുക്കി കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ക്ലിഫ് ഹൗസിലേക്കുള്ള യാത്ര സ്വപ്‌നം കണ്ടിരുന്ന കാലത്ത് നിന്ന് അത് മാറിയിരിക്കുന്നു. ഒന്നാം ഖണ്ഡത്തിലെ കൈയടക്കം നല്‍കിയ ഊര്‍ജം പുതുരക്തത്തിന്റെ കരുത്തില്‍ കുതിരശക്തി കൈവരിക്കുമെന്ന പ്രതീക്ഷ തെറ്റിപ്പോയിരിക്കുന്നു ഇടതു ജനാധിപത്യ മുന്നണിക്കും അതിന് നേതൃത്വം നല്‍കുന്ന സി പി എമ്മിനും. അതിലൊരു പഴുത് കാണുന്നുണ്ട് കോണ്‍ഗ്രസ്സ്. തെരുവുകളിലുയരുന്ന മുദ്രാവാക്യങ്ങള്‍ ജനബന്ധം തിരിച്ചെടുക്കാനുള്ള വഴിയാകുന്നുണ്ട് അതിന്. ഒപ്പം, ആഭ്യന്തര കലഹത്തിന്റെ കൊഴുപ്പും.

നിയമസഭയില്‍ ഒമ്പതംഗങ്ങളിലേക്ക് ചുരുങ്ങിയ കാലത്ത് നിന്ന് കോണ്‍ഗ്രസ്സ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഭരണവിരുദ്ധ സമരങ്ങളിലൂടെ മാത്രമായിരുന്നില്ല. നേതൃത്വം പിടിക്കുന്നതിന് അരങ്ങേറിയ ആഭ്യന്തര കലഹങ്ങളുടെ കൂടി ബലത്തിലായിരുന്നു. കെ കരുണാകരനും എ കെ ആന്റണിയും നയിച്ച ഗ്രൂപ്പുകള്‍ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ രണ്ട് ഗ്രൂപ്പുകളുടെയും ശക്തി കൂട്ടുകയും അധികാരമുറപ്പിക്കണമെന്ന ലക്ഷ്യത്തില്‍ തിരഞ്ഞെടുപ്പ് കാലത്തുണ്ടാക്കുന്ന ധാരണയില്‍ ഒന്നെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. പില്‍ക്കാലത്ത് ഗ്രൂപ്പ് സാരഥ്യമേറ്റവര്‍ അവയുടെ ശാക്തീകരണത്തിന് ശ്രമിക്കാതെ നേതൃതലത്തിലെ ഒത്തുതീര്‍പ്പുകളിലൂടെയും പുറമെ നിന്നുള്ള ഇടപെടലുകളിലൂടെയും (താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ടുള്ള ഇടപെടല്‍ ഓര്‍ക്കുക) താങ്ങിനിര്‍ത്തുന്ന തടിയുടെ തായ്‌വേര് തുരക്കുന്ന അടവുതന്ത്രങ്ങളിലൂടെയും (2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഓര്‍ക്കുക) സ്ഥാനലബ്ധി മാത്രം ഉന്നമിട്ട നേതാക്കള്‍ സംഘടനയെയും മുന്നണിയില്‍ അതിനുള്ള പ്രാധാന്യത്തെയും ദുര്‍ബലപ്പെടുത്തിയപ്പോള്‍ സ്വതേ ദുര്‍ബലമായ സംഘടനാ ശരീരം കൂടുതല്‍ ദുര്‍ബലമാകുന്ന കാഴ്ച കണ്ടു. അതിന്റെ തുടര്‍ച്ചയിലാണ് പ്രതിപക്ഷത്തെ തുടര്‍ച്ചയുണ്ടായത്. ആ തുടര്‍ച്ചയില്‍ അമ്പരന്ന് നിന്ന കോണ്‍ഗ്രസ്സിനെ തകരാതെ കാക്കുന്നതില്‍ അച്ചടക്ക നടപടികളും സെമി കേഡറെന്ന കെ സുധാകര മന്ത്രവും വലിയ പങ്കുവഹിച്ചു. പക്ഷേ അവിടുന്നങ്ങോട്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സ് മുന്നോട്ടുപോയെന്ന് പറയുക വയ്യ, സമര സജ്ജമായെങ്കിലും.

പ്രത്യക്ഷത്തില്‍ ഇല്ലാതായ ഗ്രൂപ്പ്, പുതിയ നേതാക്കളുടെ താത്പര്യാനുസരണം പുതുരൂപമെടുക്കുന്നതും തുടര്‍ തോല്‍വിക്കു ശേഷമുണ്ടായ ഊര്‍ജത്തെ ഇല്ലാതാക്കുന്നതും പിന്നീട് കണ്ടു. അച്ചടക്കത്തിന്റെ വാളുപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കി, സര്‍വാധികാരിയായി വാഴാന്‍ ചിലര്‍ ശ്രമിക്കുന്നോ എന്ന ശങ്കയും ബലപ്പെട്ടു. എങ്കിലും പ്രതിപക്ഷ മുഖമാകാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ പ്രതിരോധിക്കാനും സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി കോണ്‍ഗ്രസ്സ് തുടരുന്നുണ്ട് എന്ന ചിന്ത വളര്‍ത്തിയെടുക്കാനും കഴിഞ്ഞുവെന്നത് ചില്ലറക്കാര്യമല്ല. ഇതര സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സ് ഘടകങ്ങളുടെ അവസ്ഥയാലോചിക്കുമ്പോള്‍ പ്രത്യേകിച്ചും. സി പി എമ്മിന്റെ സംഘടനാ സംവിധാനവും പിണറായി വിജയനെന്ന കരുത്തുള്ള പ്രതിച്ഛായയും ഇടത് ജനാധിപത്യ മുന്നണിക്ക് ഇപ്പോഴും നല്‍കുന്ന മേല്‍ക്കൈയെ മറികടക്കാന്‍ തകരാതെ പിടിച്ചുനിന്ന കോണ്‍ഗ്രസ്സ് മതിയാകില്ലെന്നത് യാഥാര്‍ഥ്യം. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നിശ്ചയിച്ച് ഏതെങ്കിലുമൊരു പക്ഷത്തെ ദുര്‍ബലപ്പെടുത്തുക എന്ന തന്ത്രം സംഘ്പരിവാരം പയറ്റാനിരിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് ഈ കരുത്ത് മതിയാകില്ല.

ആ സാഹചര്യത്തിലാണ് 2009ല്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായെത്തി “ഡല്‍ഹി നായരെ’ന്ന ജി സുകുമാരന്‍ നായരുടെ പരിഹാസം ഏറ്റുവാങ്ങി രാഷ്ട്രീയം തുടങ്ങിയ ശശി തരൂര്‍ പ്രസക്തനാകുന്നത്. 2009ല്‍ പരിഹസിച്ച ജി സുകുമാരന്‍ നായര്‍, അടുത്ത മന്നം ജയന്തി ദിനത്തില്‍ ശശി തരൂര്‍ പെരുന്നയില്‍ മുഖ്യാതിഥിയാകുമെന്ന പ്രതീക്ഷയിലാണ്. യു ഡി എഫിലെ രണ്ടാമത്തെ ശക്തിയായ മുസ്‌ലിം ലീഗ്, തരൂരെടുക്കുന്ന മതനിരപേക്ഷ നിലപാടിലും എ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ട ശേഷവും കോണ്‍ഗ്രസ്സില്‍ തുടരാനെടുത്ത തീരുമാനത്തിലും ആവേശഭരിതമാണ്. കോണ്‍ഗ്രസ്സിലെ ആഢ്യന്‍മാര്‍ക്ക് എക്കാലവും ബാലികേറാമലയായ മലബാര്‍, തരൂരിനെയും അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളെയും സര്‍വാത്മനാ സ്വീകരിക്കുന്നു. ആര്‍ എസ് എസ് അനുകൂലമെന്ന് ആക്ഷേപിക്കപ്പെട്ട പ്രസ്താവനകളുടെ പേരില്‍ കെ പി സി സി പ്രസിഡന്റ് അനഭിമതനായി നില്‍ക്കുമ്പോള്‍ ആ ഒഴിവിലേക്ക് തരൂരിനേക്കാള്‍ യോഗ്യനായ മറ്റൊരാളെ കോണ്‍ഗ്രസ്സില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ കാണുന്നില്ല. അത് മനസ്സിലാക്കി, തരൂരിനെ മൗനം കൊണ്ട് തുണച്ച്, സ്വസ്ഥാനം ഉറപ്പിക്കുന്ന സുധാകര തന്ത്രമുണ്ട്. സുധാകര – സതീശ ദ്വയം തലമുറമാറ്റത്തിന്റെ മേമ്പൊടി ചേര്‍ത്ത് കളം വാണപ്പോള്‍ നിശ്ശബ്ദം പിന്‍വാങ്ങിയ ഉമ്മന്‍ ചാണ്ടിയുടെ “എ’ ഗ്രൂപ്പ് തരൂരിലൊരു തളിരില കാണുന്നുണ്ട്. അവ്വിധമൊരു ചേരിതിരിവ് നേരത്തേ തിരിച്ചറിഞ്ഞ വി ഡി സതീശന്‍, സംഘടന ഇല്ലാതായാലും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം മതിയെന്ന് നിശ്ചയിച്ച കെ സി വേണുഗോപാല്‍, ഒരു വാക്ക് ചോദിക്കാതെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതില്‍ ഖിന്നനായ രമേശ് ചെന്നിത്തല എന്നിവരൊരു പക്ഷം ചേര്‍ന്ന് തരൂരിനെ ബലൂണാക്കി, കാറ്റില്ലാതാക്കാനുള്ള സൂചിയുമായി നിലകൊള്ളുന്നു.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിലും തലമുറ മാറുകയാണ്. അവരങ്ങനെ രണ്ട് പക്ഷത്തും ശക്തരായി നിലകൊള്ളുകയും പാര്‍ട്ടിയിലെയും പാര്‍ലിമെന്ററി പാര്‍ട്ടിയിലെയും സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍! കെ കരുണാകരനും എ കെ ആന്റണിയും ഏത് വിധത്തിലാണോ ഗ്രൂപ്പ് വളര്‍ത്തി കോണ്‍ഗ്രസ്സിനെ സമര സജ്ജമാക്കി നിലനിര്‍ത്തിയത് അതേ അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. എന്തിനെയും എതിര്‍ക്കാനും അപഹസിക്കാനും മടിക്കാത്ത വി ഡി സതീശനും പിണറായി വിജയന്റെ നയങ്ങളില്‍ തനിക്കിഷ്ടപ്പെട്ടതിനെ തുണക്കാന്‍ മടിക്കാത്ത ശശി തരൂരും ചേരുമ്പോള്‍ അതൊരു പുതിയ രാഷ്ട്രീയമുന നല്‍കും കോണ്‍ഗ്രസ്സിന്. എന്തിനെയും എതിര്‍ക്കുക എന്ന പരമ്പരാഗത പ്രതിപക്ഷ ശൈലി (വി എസ് അച്യുതാനന്ദ പ്രയോക്തം) പുതിയ കാലത്ത് അത്രത്തോളം ഗുണകരമല്ല എന്ന പ്രായോഗിക ബുദ്ധിയുണ്ട് ശശി തരൂരിന്. അതുകൊണ്ട് തന്നെ എന്തിനെയും എതിര്‍ക്കുക എന്നതിനോട് യോജിക്കാത്ത പുതിയ തലമുറക്ക് അദ്ദേഹം കൂടുതല്‍ സ്വീകാര്യനാകും. പതിവ് രാഷ്ട്രീയ നേതാക്കളെ അപേക്ഷിച്ച് തരൂരിനുള്ള ലോകപരിചയവും ആംഗലേയ സ്വാധീനവും അവരില്‍ സ്വാധീനം ചെലുത്താന്‍ സാധ്യത കൂടുതലാണ്.

തരൂരിന്റെ മലബാറിലെ പരിപാടികള്‍ക്ക് സമാന്തര പ്രവര്‍ത്തനത്തിന്റെയും വിഭാഗീയതയുടെയും മുദ്രകുത്തി അകറ്റി നിര്‍ത്താന്‍ ശ്രമിച്ചവര്‍, പാര്‍ട്ടിക്കുള്ളിലെ നവീകരണത്തിന് മുന്‍കൈ എടുക്കുന്നയാളെന്ന, ജി 23 കാലത്തെ തരൂരിന്റെ പ്രതിച്ഛായയെ കൂടുതല്‍ ബലപ്പെടുത്തുകയാണ്. നവീകരണത്തിന് ശ്രമിച്ചത് വെറുതെയല്ലെന്ന് എ ഐ സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തരൂര്‍ തെളിയിച്ചിട്ടുമുണ്ട്. പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന് ഇറങ്ങിപ്പുറപ്പെടുന്നവരെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. അതുകൊണ്ടാണ് സി പി എമ്മിന്റെ വലിയ സംഘടനാ ശക്തിയോട് കലഹിച്ച് പരാജയപ്പെട്ടപ്പോഴും വി എസ് അച്യുതാനന്ദന്‍ ജനകീയനായി നിന്നത്. സി പി എമ്മിനെ പരസ്യമായി വെല്ലുവിളിച്ചിട്ടും പാര്‍ലിമെന്ററി അധികാരം അദ്ദേഹത്തിന് നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരായത്. തരൂരിനു മേല്‍ വിഭാഗീയതയുടെ മുദ്ര പതിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍, ഔദ്യോഗിക വിഭാഗത്തിന്റെ കടുത്ത അപ്രീതിക്ക് പാത്രമായിരിക്കെ തന്നെ സി പി എമ്മിന്റെയും ഇടതു ജനാധിപത്യ മുന്നണിയുടെയും നേതാവായി വി എസ് നിലനിന്ന കാലം വി ഡി സതീശന്‍ ഓര്‍ക്കണം. ഇടതു മുന്നണിയിലെ രണ്ടാമത്തെ ശക്തിയായ സി പി ഐ, അക്കാലം വി എസ്സിനൊപ്പം ഉറച്ചുനിന്നിരുന്നുവെന്നതും.

തിരഞ്ഞെടുപ്പ് ജയപരാജയങ്ങളെ നിശ്ചയിക്കുന്നതില്‍ നേതൃസ്ഥാനത്ത് ആരെന്നത്, പാര്‍ട്ടിയോ മുന്നണിയോ മുന്നോട്ടുവെക്കുന്ന നയ സമീപനങ്ങളേക്കാള്‍ പ്രധാനമാകുന്നതാണ് സമകാലിക രാഷ്ട്രീയം. ഊതിവീര്‍പ്പിക്കപ്പെട്ട ബലൂണുകള്‍ വലിയ തോതില്‍ സ്വീകരിക്കപ്പെടുന്ന കാഴ്ച പലകുറി രാജ്യം കണ്ടുകഴിഞ്ഞു. മതനിരപേക്ഷ ജനാധിപത്യത്തോടും ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പിനോടും പ്രതിബദ്ധത പുലര്‍ത്തുന്ന ബലൂണുകള്‍ക്ക് അവിടെ ഇടമുണ്ട്. വെറുമൊരു സൂചികൊണ്ട് കുത്തിച്ചുരുക്കാവുന്നതുമല്ല ആ ബലൂണുകള്‍. അതുകൊണ്ട് തന്നെ തരൂര്‍ പ്രതീക്ഷിക്കാത്ത വിധത്തിലേക്ക് വളര്‍ന്ന അദ്ദേഹത്തിന്റെ മലബാര്‍ പര്യടനം കോണ്‍ഗ്രസ്സിന്റെ കേരള ഘടകത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും കേരളത്തെ മുന്നോട്ടു നയിക്കുന്ന രാഷ്ട്രീയത്തിലും പ്രധാനമാണ്. വിഭാഗീയത ആരോപിച്ച് തരൂരിനെ നിഷ്പ്രഭനാക്കാന്‍ നടത്തുന്ന യത്‌നങ്ങള്‍ക്കുമുണ്ട് പ്രാധാന്യം. വാര്‍ത്താ പ്രതലങ്ങളില്‍ കോണ്‍ഗ്രസ്സ് നിറഞ്ഞുനില്‍ക്കുന്നത് മാത്രം നോക്കിയാല്‍ മതി ആ പ്രാധാന്യം മനസ്സിലാക്കാന്‍!

Latest