Kerala
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള ഹരജിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍
മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്‍ ചന്ദ്രശേഖരനെയും എം ഡി രതീഷിനെയും വിചാരണ ചെയ്യാന്‍ സിബിഐ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ മൂന്നാ തവണയും നിരസിച്ചത് ചോദ്യം ചെയ്താണ് ഹരജി
കൊച്ചി | കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച ഹരജിയില്‍ കൂടുതല്‍ സമയം തേടി സംസ്ഥാന സര്‍ക്കാര്‍ .ഈ മാസം 17 വരെ സമയം അനുവദിക്കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്‍ ചന്ദ്രശേഖരനെയും എം ഡി രതീഷിനെയും വിചാരണ ചെയ്യാന്‍ സിബിഐ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ മൂന്നാ തവണയും നിരസിച്ചത് ചോദ്യം ചെയ്താണ് ഹരജി.
കശുവണ്ടി വികസന കോര്‍പറേഷന്‍ 2006 – 15 കാലഘട്ടത്തില്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് കേസ്. അതേ സമയം പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഹൈക്കോടതി നിര്‍ദേശ പ്രകാരം 2016-ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ആദ്യ തവണ 2020 ഒക്ടോബര്‍ 15 നും രണ്ടാം തവണ 2025 മാര്‍ച്ച് 21 നും മൂന്നാം തവണ 2025 ഒക്ടോബര്‍ 28-നുമാണ് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത്.
നടപടിക്രമങ്ങളിലെ വീഴ്ചയാണ് സിബിഐ ചൂണ്ടിക്കാട്ടുന്നതെന്നും നടപടിയില്‍ തെറ്റായ ഉദ്ദേശ്യമോ ഔദ്യോഗിക പദവി ദുരുപയോഗമോ ഉണ്ടായിട്ടില്ലെന്നും എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി പറയാനാകില്ലെന്നും വിലയിരുത്തിയാണ് സര്‍ക്കാര്‍ പ്രോസിക്യുഷന്‍ അനുമതി മൂന്നാം തവണയും നിഷേധിച്ചത്.





